കൊച്ചി: കേരള സ്കൂള്‍ കായിക മേളയില്‍ അത്ലറ്റിക്സില് കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്സ് അപ്പായ മലപ്പുറം മുന്നേറ്റം തുടരുന്നു. അഞ്ചു സ്വര്‍ണവും മൂന്നു വെള്ളിയും നാല് വെങ്കലുമായി 38 പോയിന്റാണ് മലപ്പുറത്തിന് ഉള്ളത്. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍ ജില്ലയായ പാലക്കാട് 30 പോയിന്റോടെ രണ്ടാം സ്ഥാനത്തുണ്ട്. പാലക്കാടിന് നാല് സ്വര്‍ണവും ഒരു വെള്ളിയും ഏഴ് വെങ്കലവുമുണ്ട്. 19 പോയിന്റുമായി എറണാകുളമാണ് മൂന്നാം സ്ഥാനത്ത്. എറണാകുളത്തിന് രണ്ടു സ്വര്‍ണവും മൂന്ന് വെള്ളിയുമാണ് ലഭിച്ചിരിക്കുന്നത്.
ഇന്ന് രണ്ടു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ജൂണിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ നടത്തത്തില്‍ സ്വര്‍ണം നേടുന്ന മലപ്പുറം ആലത്തിയൂര്‍ കെഎച്ച്എംഎച്ച്എസ്എസിലെ പി. നിരഞ്ജന സ്വര്‍ണം നേടി. ജൂണിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ നടത്തത്തില്‍ കോഴിക്കോട് കുളത്തുവയല്‍. സെന്റ് ജോര്‍ജ്സ് എച്ച്എസ്എസിലെ ആദിത്ത് വി. അനിലാണ് സ്വര്‍ണം. മത്സരങ്ങള്‍ തുടരുകയാണ്.
‘സാറെ ഞാന്‍ സ്വര്‍ണവുമായേ മടങ്ങി വരൂ…’ അധ്യാപകനു നല്കിയ വാക്കു പാലിച്ച് നിരഞ്ജന
കൊച്ചി: “സാറെ വിഷമിക്കാതെ, ഞാന്‍ സ്വര്‍ണവുമായേ മടങ്ങി വരൂ…’ ഇന്ന് രാവിലെ എറണാകുളം മഹാരാജാസ് കോളജ് സിന്തറ്റിക് ട്രാക്കിലേക്ക് ജൂണിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ നടത്ത മത്സരത്തിനായി ഇറങ്ങിയ മലപ്പുറം ആലത്തിയൂര്‍ കെഎച്ച്എംഎച്ച് എസ്എസിലെ പി. നിരഞ്ജന കോച്ച് റിയാസ് ആലത്തിയൂരിനു നല്കിയ വാക്കാണിത്.
ഇന്നലെ നടന്ന 400 മീറ്റര്‍ ആണ്‍കുട്ടികളുടെ സബ്ജൂണിയര്‍ മത്സരത്തില്‍ ഒന്നാമതെത്തിയ ഇതേ സ്കൂളിലെ രാജനെ ട്രാക്ക് മാറി ഓടിയെന്ന കാരണത്താല്‍ അയോഗ്യനാക്കിയിരുന്നു. ഈ വിഷമത്തിലായിരുന്നു റിയാസ് മാഷ്. എന്നാല്‍ മാഷിനു കൊടുത്ത വാക്കു പാലിച്ച് സ്വര്‍ണ നേട്ടവുമായാണ് നിരഞ്ജന മാഷിനടുത്ത് എത്തിയത്. പത്താം ക്ലാസുകാരിയായ ഈ പെണ്‍കുട്ടി 16.10 മിനിറ്റിലാണ് ഫിനിഷ് ചെയ്തത്. പരിശീലനത്തിനായി അടുത്തെങ്ങും ഗ്രൗണ്ട് ഇല്ലാത്തതിനാല്‍ മത്സരം അടുക്കുമ്പോള്‍ 25 കിലോ മീറ്റര്‍ അകലെ പാലക്കാട് എത്തിയാണ് നിരഞ്ജന പരിശീലനം നടത്തിയിരുന്നത്.
കൂലിപ്പണിക്കാരനായ പ്രസീദ്-ശ്രീജിത ദമ്പതികളുടെ മകളാണ്. സ്കൂള്‍ പഠന കാലത്ത് പ്രസീദ് കായിക മത്സരങ്ങളിലൊക്കെ പങ്കെടുത്തിട്ടുണ്ടെങ്കിലും ജീവിത പ്രാരാബ്ദങ്ങള്‍ക്കിടയില്‍ തുടര്‍ പഠനം സാധ്യമായില്ല. തന്റെ മകളിലൂടെ അത് നേടിയെടുത്ത സന്തോഷത്തിലാണ് അദ്ദേഹം. എറണാകുളത്തേക്ക് മത്സരത്തിനായി പോരുമ്പോള്‍ അച്ഛനു ഞാനൊരു സ്വര്‍ണ മെഡല്‍ കൊണ്ടുവരുമെന്നു പറഞ്ഞാണ് നിരഞ്ജന വീട്ടില്‍നിന്ന് ഇറങ്ങിയത്.
മെഡല്‍ കിട്ടിയ ഉടന്‍ നിരഞ്ജന ആദ്യം വിളിച്ച് സന്തോഷം പങ്കിട്ടതും അച്ഛനോടായിരുന്നു. കഴിഞ്ഞ സംസ്ഥാന സ്കൂള്‍ കായികമേളയില്‍ 3000 മീറ്റര്‍ നടത്തത്തില്‍ നിരഞ്ജനയ്ക്ക് വെള്ളി മെഡല്‍ ലഭിച്ചിരുന്നു.രണ്ടു വര്‍ഷമായി നിരഞ്ജനയുടെ കോച്ചാണ് റിയാസ്. സ്പോര്‍ട്സിനൊപ്പം പഠനത്തിലും സമര്‍ഥയാണ് നിരഞ്ജന.
നിരഞ്ജനയ്ക്ക് സ്വര്‍ണ മെഡല്‍ പ്രതീക്ഷിച്ചിരുന്നതായി കഴിഞ്ഞ ആറു വര്‍ഷമായി വിവിധ സ്കൂളുകളില്‍ കോച്ചായി പ്രവര്‍ത്തിക്കുന്ന റിയാസ് പറഞ്ഞു. റിയാസ് പരിശീലനം നല്കിയ പത്തോളം പേര് ദേശീയ താരങ്ങളായിട്ടുണ്ട്. ആലത്തിയൂര്‍ കെഎച്ച്എംഎച്ച്എസ്എസിലെ പത്തോളം പേരാണ് ഇത്തവണ ദേശീയ മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
- സ്വന്തം ലേഖിക
ആദ്യമത്സരത്തില്‍ അയോഗ്യന്‍ വാശിയില്‍ ആദിത്ത് നടന്നുനേടിയത് സ്വര്‍ണം
കൊച്ചി: രണ്ടു വര്‍ഷം മുമ്പ് ആദ്യമായി പങ്കെടുത്ത സംസ്ഥാന സ്കൂള്‍ കായികമേളയില്‍ വാശിയോടെ നടന്നു നീങ്ങിയ ആദിത്ത് വി. അനില്‍ അയോഗ്യനാക്കപ്പെട്ടത് ഫിനിഷിംഗ് പോയിന്റിന് പത്തു മീറ്റര്‍ അകലെ വച്ചായിരുന്നു. ഏറെ നിരാശയോടെയായിരുന്നു ആ എട്ടാം ക്ലാസുകാരന് അന്ന് മത്സരവേദിയില്‍നിന്ന് മടങ്ങിയത്. പക്ഷേ, തിരിച്ചടിയില്‍ അവന് പതറിയില്ല. കൂടുതല്‍ വാശിയോടെ പിന്നീടുള്ള സ്കൂള്‍ കായികമേളയില്‍ നടന്നു നീങ്ങി സ്വര്‍ണ നേട്ടം സ്വന്തമാക്കിയ ആ കൗമാരക്കാരന് ഇക്കുറിയും സ്വര്‍ണത്തിളക്കത്തിലാണ്.
സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ ഇന്ന് രാവിലെ നടന്ന ജൂണിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ നടത്തത്തിലാണ് കോഴിക്കോട് കുളത്തുവയല്‍ സെന്റ് ജോര്‍ജ്സ് എച്ച്എസ് എസിലെ ആദിത്ത് വി.അനില്‍ സ്വര്‍ണം നേടിയത്. 23.17 മിനിറ്റിലാണ് ഫിനിഷ് ചെയ്തത്. “തുടക്കത്തില്‍ അല്പം പ്രശ്നം ഉണ്ടായി. അല്ലെങ്കില്‍ റിക്കാര്‍ഡ് ബ്രേക്ക് ചെയ്യാമായിരുന്നു.
. അതിനു കഴിഞ്ഞില്ലെന്ന ചെറിയൊരു വിഷമമുണ്ട്. എന്നാലും ഹാപ്പിയാണ്.’- പത്താം ക്ലാസുകാരനായ ആദിത്തിന്റെ വാക്കുകള്‍ പ്രതീക്ഷ നിറയുന്നതാണ്. നാഷണല്‍ സ്കൂള്‍ മീറ്റിലും സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ രണ്ടു തവണയും ആദിത്ത് സ്വര്‍ണം നേടിയിരുന്നു.ഒളിമ്പ്യന്‍ കെ.എം. പീറ്ററാണ് കോച്ച്. സാധാരണ ദിവസങ്ങളില്‍ അഞ്ചു മണിക്കൂറും അവധി ദിവസങ്ങളില്‍ അതില്‍ കൂടുതല്‍ സമയവും ആദിത്ത് പരിശീലനം നടത്തും.
പിറവം ഗ്രീന്‍ പാലസ് ഹോട്ടലിലെ മാനേജരായ അനില്‍ കുമാറിന്റെയും കോഴിക്കോട് സഹകരണ ബാങ്കിലെ ക്ലാര്‍ക്കായ ലിജിയുടെ മകനാണ് ആദിത്ത്. ആദ്യ. വി. അനിലാണ് സഹോദരി. “ഏഷ്യന്‍ ഗെയിംസിലെങ്കിലും ഇന്ത്യയ്ക്കു വേണ്ടി ഒരു മെഡല്‍ നേടണം’ വിദൂരമല്ലാത്ത തന്റെ ചെറിയ സ്വപ്നത്തെക്കുറിച്ച് ആദിത്ത് പറഞ്ഞു നിര്‍ത്തി.
കായികമേളയുടെ മൂന്നാം ദിനത്തില്‍ ഗെയിംസ്, അത്ലറ്റിക് ഇനങ്ങളില്‍ 1,585 പോയിന്റുമായി തിരുവനന്തപുരം ജില്ലയാണ് മുന്നില്‍. 600 പോയിന്റുമായി തൃശൂര്‍ രണ്ടാം സ്ഥാനത്തും 567 പോയിന്റുമായി കണ്ണൂര്‍ മൂന്നാം സ്ഥാനത്തുമുണ്ട്. ഇന്ന് 16 ഇനങ്ങളിൽ ഫൈനൽ നടക്കും.
- സീമ മോഹന്‍ലാല്‍