കോഴിക്കോട്: ആദ്യം വിദ്യാര്‍ഥികള്‍ തമ്മിലായിരുന്നു ഏറ്റുമുട്ടിയത്. പൊരിഞ്ഞ അടി ഒടുവില്‍ അധ്യാപകരും ഏറ്റെടുത്തു. ഏതാനും സമയത്തേക്ക് മുക്കം ഉപജില്ലാ സ്കൂള്‍ കലോത്സവ വേദി കൂട്ടത്തല്ലിന്റെ വേദിയായി. കലോത്സവമായിരുന്നുവെങ്കിലും കായികശേഷി തെളിയിക്കലായിരുന്നു ഏറ്റവും ഒടുവിലത്തെ ഇനം. സാംസ്കാരിക കേരളത്തിനു അപമാനമായി കൂട്ടത്തല്ല് നടന്നത് ഇന്നലെ രാത്രി വൈകിയായിരുന്നു.
കലോത്സവത്തിന്റെ തുടക്കം മുതല്‍ തന്നെ വിധി നിര്‍ണയത്തില്‍ പരാതികളേറെ ഉണ്ടായിരുന്നു. ഹയര്‍ സെക്കന്‍ഡറി വിഭാഗം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് പങ്കുവെച്ചതാണ് തര്‍ക്കത്തിന് കാരണമായത്. നീലേശ്വരം ഗവ. ഹയര്‍സക്കന്‍ഡറി സ്കൂളും ആതിഥേയരായ കൊടിയത്തൂര്‍ പിടിഎം ഹയര്‍ സെക്കന്‍ഡറി സ്കൂളുമാണ് ട്രോഫി പങ്കിട്ടത്.
എന്നാല്‍ തങ്ങളാണ് യഥാര്‍ത്ഥ ചാമ്പ്യന്മാരെന്നും പിടിഎം അനധികൃതമായി മത്സരാര്‍ഥികളെ തിരുകി കയറ്റിയും വിധി നിര്‍ണയത്തില്‍ കൃത്രിമം കാണിച്ചുമാണ് ട്രോഫിക്ക് അര്‍ഹത നേടിയതെന്നും ആരോപിച്ചു നീലേശ്വരം സ്കൂള്‍ അധികൃതര്‍ ട്രോഫി വാങ്ങാന്‍ വിസമ്മതിച്ചത്തോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്.
വാക്കുതര്‍ക്കം കയ്യാങ്കളിലേക്ക് നീങ്ങുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ കയ്യാങ്കളി അധ്യാപകരും ഏറ്റെടുത്തതോടെ കൂട്ട അടിയിലാണ് കലാശിച്ചത്. ഒടുവില്‍ അധ്യാപകരും വോളണ്ടിയര്‍മാരും ഇടപെട്ടാണ് സംഘര്‍ഷത്തിന് അയവു വരുത്തിയത്.