ആലപ്പുഴ: ഡെക്കോയ് ഓപ്പറേഷനിലൂടെ ആലപ്പുഴയില്‍ നാലുപേര്‍ പോലീസിന്റെ പിടിയിലായി. പത്തനംതിട്ട, തിരുവനന്തപുരം സ്വദേശികളായ ഓരോരുത്തരും രണ്ട് ആലപ്പുഴക്കാരുമാണ് പിടിയിലായത്. ആലപ്പുഴ നഗരത്തില്‍ സ്ത്രീകള്‍ക്കുനേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തുടര്‍ക്കഥയായതോടെയാണ് വേഷംമാറിയുള്ള ഡെക്കോയ് ഓപ്പറേഷനുമായി വനിതാ പോലീസ് എത്തിയത്.
ഒരുമാസത്തിനിടെ ആലപ്പുഴ കെഎസ്ആര്‍ടിസി പരിസരത്ത് സ്ത്രീകളോട് മോശമായി പെരുമാറിയ നാലു പേരെയാണ് സംഘം പിടികൂടിയത്. ഇവരെ ആലപ്പുഴ സൗത്ത് പോലീസിനു കൈമാറി.
ഇവര്‍ക്കെതിരേ പൊതുശല്യത്തിന് കേസെടുത്തു. ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന്റെ നിര്‍ദേശപ്രകാരം വനിതാ പോലീസ് സ്റ്റേഷന് എസ്ഐ പി.ടി. ലിജിമോളുടെ നേതൃത്വത്തിലുള്ള സംഘമാണ് ഡെക്കോയ് ഓപ്പറേഷനു നേതൃത്വം നല്‍കുന്നത്.
വനിതാ സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥകള്‍ വേഷംമാറി യാത്രക്കാര്ക്കിടയില്നിന്നാണ് ആദ്യഘട്ട നിരീക്ഷണവും പരിശോധനയും നടത്തിയത്. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ സാധാരണ വേഷത്തില്‍ നില്‍ക്കുകയായിരുന്ന വനിതാ പോലീസിനോട് പുരുഷന്മാരെത്തി മോശമായി പെരുമാറുകയായിരുന്നു.
വനിതാ പോലീസെന്ന് അറിയാതെ സമീപിച്ച നാലു പുരുഷന്മാരും നിമിഷങ്ങള്‍ക്കുള്ളിൽ പോലീസ് ജീപ്പിനുള്ളിലായി. മഫ്തി പോലീസിന്റെ വിവരങ്ങള്‍ക്ക് കാതോര്‍ത്ത് വനിതാ പോലീസുകാര്‍ പരിസരത്ത് തന്നെയുണ്ടാകും.
ആലപ്പുഴ ബോട്ടുജെട്ടി മുതല്‍ കെഎസ്ആര്‍ടിസി വരെയുള്ള പരിസരം ലൈംഗിക തൊഴിലാളികള്‍ താവളമാക്കിയിരിക്കുന്നതിനാല്‍ ഈ പ്രദേശത്ത് സാമൂഹ്യവിരുദ്ധശല്യം കൂടുതലാണ്. ധാരാളം സ്ത്രീകള്‍ ശല്യം ചെയ്യപ്പെടാറുണ്ടെങ്കിലും പരാതിപ്പെടുന്നവരുടെ എണ്ണം കുറവാണ്.