പത്തനംതിട്ട: “പാലക്കാട് എന്ന സ്നേഹ വിസ്മയം’ അടിക്കുറിപ്പോടെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പാലക്കാട്ടെ പ്രചാരണദൃശ്യം സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലെത്തിയത് അഡ്മിന്മാരുടെ കൈ അബദ്ധമെന്നു നിഗമനം. പേജിന്റെ അഡ്മിന്മാര്ക്കു ശാസന നല്കി പ്രശ്നം പറഞ്ഞുതീര്‍ക്കാനുള്ള ശ്രമവും തുടങ്ങി.
രാഹുല്‍ മാങ്കൂട്ടത്തിലും യൂത്ത് കോണ്‍ഗ്രസുകാരും ചേര്‍ന്ന് പേജ് ഹാക്ക് ചെയ്തുവെന്ന് ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു ആരോപിച്ചിരുന്നെങ്കിലും അന്വേഷണത്തില്‍ അതിനുള്ള സാധ്യത ഒഴിവായതോടെയാണ് അഡ്മിന്മാരിലേക്ക് അന്വേഷണം എത്തിയത്.ശനിയാഴ്ച രാത്രിയില്‍ ഫേസ് ബുക്ക് പേജില്‍ വന്ന വീഡിയോ ഒഴിവാക്കിയെങ്കിലും സ്ക്രീന്‍ഷോട്ടുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ വിശദീകരണവുമായി രംഗത്തെത്താന്‍ ജില്ലാ സെക്രട്ടറി അടക്കം നിര്‍ബന്ധിതനാകുകയായിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ട് വീടുകളിലെത്തി വോട്ടു തേടുന്ന വീഡിയോയാണ് പ്രചരിച്ചത്. ഇതിന് അടിക്കുറിപ്പായാണ് “പാലക്കാട് എന്ന സ്നേഹവിസ്മയം” ചേര്‍ത്തത്. ഇത് വ്യാജ അക്കൗണ്ടാണെന്ന് ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു ആദ്യം പറഞ്ഞെങ്കിലും ഔദ്യോഗിക പേജ് തന്നെയെന്നു പിന്നീടു വ്യക്തമായതോടെ ഹാക്ക് ചെയ്തതാണെന്ന നിലയിലേക്കു വിശദീകരണം മാറ്റി. ജില്ലാ പോലീസ് മേധാവിക്കു പരാതിയും നല്‍കിയിരുന്നു.
63,000ത്തോളം ഫോളോവേഴ്സുള്ള പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. അടൂരിലെ വാട്സാപ്പ് ഗ്രൂപ്പുകളില്‍ വന്ന വീഡിയോ എഫ്ബി പേജിലേക്ക് അപ് ലോഡ് ചെയ്തതാകാമെന്നാണ് ഇപ്പോള്‍ സിപിഎം കേന്ദ്രങ്ങള്‍ പറയുന്നത്. ഇക്കാര്യത്തില്‍ പാര്‍ട്ടിതല അന്വേഷണം നടക്കും. വീഡിയോ പ്രത്യക്ഷപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഡിലീറ്റ് ചെയ്ത് പേജ് റിക്കവര്‍ ചെയ്യുകയായിരുന്നു.
സിപിഎമ്മിന്റെ എഫ്ബി പേജ് കൈകാര്യം ചെയ്യുന്ന അഡ്മിന് അടൂര്‍ സ്വദേശിയാണ്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീട് അടൂര്‍ മണ്ഡലത്തിലെ പള്ളിക്കല്‍ പഞ്ചായത്തിലാണ്.