കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്തുള്ള മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ പിന്തുണയ്ക്കുംവിധമുള്ള സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ പ്രസംഗം വിവാദമായതിന് പിന്നാലെ വീണ്ടും വിവാദങ്ങള്‍ തലപൊക്കുന്നു. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ കുറ്റത്തിന് നടപടിക്ക് വിധേയമായ ആളെ പെരിങ്ങോം ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിച്ചതും വിവാദമാകുന്നു.
പെരിങ്ങോം ഏരിയ കമ്മിറ്റിയംഗമായിരുന്ന എം.വി. സുനില്‍കുമാറിനെ മുമ്പ് കമ്മിറ്റിയില്‍നിന്നും നീക്കം ചെയ്തിരുന്നു. സ്ത്രീകളോടുള്ള പെരുമാറ്റ ദൂഷ്യത്തിന്റെ പേരിലുയര്‍ന്ന വനിതാ സഖാവിന്റെ പരാതിയാണ് നടപടിക്ക് കാരണമായത്. ആരോപണ വിധേയനെ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചതും ശക്തമായ വിമര്‍ശനത്തിനിടയാക്കിയിരുന്നു.
അതിനിടയാണ് കഴിഞ്ഞ ദിവസം നടന്ന പെരിങ്ങോം ഏരിയ സമ്മേളനത്തില്‍ ഇയാളുള്‍പ്പെട്ട പാനല്‍ നേതൃത്വം അവതരിപ്പിച്ച് ഏരിയ കമ്മിറ്റിയിലേക്ക് എടുത്ത നടപടിയുണ്ടായത്. ബാലസംഘംമുതല് സജീവ പാര്‍ട്ടി പ്രവര്‍ത്തന പാരമ്പര്യമുള്ളവരെ തഴഞ്ഞ് പാര്‍ട്ടിക്ക് പേരുദോഷമുണ്ടാക്കിയയാളെ അവരോധിച്ച നേതൃത്വത്തിന്റെ നടപടിയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ അമര്‍ഷമുണ്ട്.