നടി അനുഷ്ക ഷെട്ടിയുടെ അടുത്ത ചിത്രമായ ഘാട്ടിയിലെ ഫസ്റ്റ് ലുക്ക് അനുഷ്കയുടെ ജന്മദിനമായ നവംബർ ഏഴിന് പുറത്തിറങ്ങി. 2010 ല്‍ വന്‍ വിജയമായ വേദത്തിന് ശേഷം സംവിധായകൻ കൃഷ് ജഗർലമുടിയും അനുഷ്കയും ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഗംഭീരമെന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണം. വലിയ ഇടവേളയ്ക്ക് ശേഷമാണ് അനുഷ്ക ചിത്രത്തിന്റെ പ്രഖ്യാപനം വരുന്നത്.
തെലുങ്കിലെ പ്രമുഖ ബാനറായ യുവി ക്രിയേഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. ഇര, ക്രിമിനല്‍, ഇതിഹാസം, ഘാട്ടി ഇനി രാജ്ഞി ഭരിക്കും എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റർ ഇറങ്ങിയിരിക്കുന്നത്.
ഫസ്റ്റ് ലുക്കിൽ ഞെട്ടിപ്പിക്കുന്ന വേഷത്തിലാണ് അനുഷ്ക എത്തുന്നത്. തലയിൽ നിന്നും കൈകളിൽ നിന്നും രക്തം ഒലിച്ചിറങ്ങുന്ന അനുഷ്ക പുക വലിക്കുന്നതായി കാണാം. ഒരു ആദിവാസി യുവതിയുടെ ലുക്കിലാണ് അനുഷ്ക എത്തുന്നത്. ഒരു ലേഡി ഗ്യാംഗ് സ്റ്റര്‍ കഥയാണ് ഘാട്ടിയെന്ന് നേരത്തെ സൂചനകള്‍ ഉണ്ടായിരുന്നു.
അതേ സമയം കഴിഞ്ഞ ദിവസം അനുഷ്ക അഭിനയിക്കുന്ന മലയാള ചിത്രം കത്തനാറിലെ അനുഷ്ക ഷെട്ടിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. നില എന്ന റോളാണ് അനുഷ്കയ്ക്ക് എന്നാണ് കത്തനാര് അണിയറക്കാര്‍ പുറത്തുവിട്ട ക്യാരക്ടര്‍ പോസ്റ്റര്‍ വെളിവാക്കുന്നത്.
ദേവസേനയായും രുദ്രമാദേവിയായുമൊക്കെ സിനിമാപ്രേക്ഷകരുടെ മനം കവർന്ന തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടിയുടെ ആദ്യത്തെ മലയാള ചിത്രമാണ് കത്തനാര്.