ഒരേയൊരു ജോണ്‍ എഫ് കെന്നഡി! യുദ്ധവീരനും മനുഷ്യസ്‌നേഹിയുമായ ജോണ്‍ എഫ് കെന്നഡിയുടെ ഐതിഹാസിക ജീവിതത്തിലൂടെ

അജിത്ത് ജി. നായര്‍

December 16, 1962 A CONVERSATION WITH THE PRESIDENT An interview with President John F. Kennedy. #26338_e_18 Copyright CBS Broadcasting, Inc., All Rights Reserved, Credit: CBS Photo Archive

ജോണ്‍ എഫ് കെന്നഡി,  അഥവാ ജോണ്‍ ഫ്രിറ്റ്ജറാള്‍ഡ് കെന്നഡി. ഈ മനുഷ്യനെ ആളുകള്‍ സ്‌നേഹപൂര്‍വം ജെഎഫ്‌കെ എന്നു വിളിച്ചു. 1963 നവംബര്‍ 22ന് ലീഹാര്‍വി ഓസ്വാള്‍ഡ് എന്ന ചെറുപ്പക്കാരന്റെ തോക്ക് കവര്‍ന്നെടുത്തത് ജെഎഫ്‌കെയുടെ ജീവനെ മാത്രമായിരുന്നില്ല. അമേരിക്കയുടെ സ്വപ്‌നങ്ങളെക്കൂടിയായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് പദത്തിലെത്തുന്ന പ്രായം കുറഞ്ഞ വ്യക്തിയുടെ ജീവിതം ഒരു ചരിത്രമായിരുന്നു.   1917 മെയ് 29ന് മസാച്ചുസെറ്റ്‌സിലെ ബ്രൂക്ക്‌ലിനിലായിരുന്നു ജെഎഫ്‌കെ ജനിച്ചത്. ഫ്രിറ്റ്‌സ്ജറാള്‍ഡുകളും കെന്നഡികളും ഐറിഷ് പാരമ്പര്യമുള്ള പ്രമുഖ കത്തോലിക്കാ കുടുംബങ്ങളായിരുന്നു. കെന്നഡിയുടെ പിതാവിന്റെ അച്ഛന്‍ പി. ജെ കെന്നഡി അതിസമ്പന്നനായ ഒരു ബാങ്കറും മദ്യവ്യവസായിയുമായിരുന്നു. അമ്മയുടെ അച്ഛന്‍ ജോണ്‍ ഇ. ഫ്രിറ്റ്‌സ്ജറാള്‍ഡ് ഒരു പ്രമുഖ രാഷ്ട്രീയ നേതാവായിരുന്നു. അദ്ദേഹം ബോസ്റ്റണിന്റെ മേയറുമായിരുന്നു. ഈ രണ്ടു മുത്തശ്ശന്മാരുടെ പേരില്‍ നിന്നാണ് ജോണ്‍ ഫ്രിറ്റ്‌സജറാള്‍ഡ് എന്ന പേര് ജെഎഫ്‌കെയ്ക്ക് ലഭിക്കുന്നത്.

ജെഎഫ്‌കെയുടെ മാതാവിന്റെ പേര് റോസ് എലിസബത്ത് ഫ്രിറ്റ്‌സ്ജറാള്‍ഡ് എന്നായിരുന്നു. പിതാവ് ജോസഫ് കെന്നഡി സീനിയര്‍ ആവട്ടെ തന്റെ പിതാവിനേപ്പോലെതന്നെ മികച്ച ഒരു ബാങ്കറായിരുന്നു. ഒന്നാം ലോകയുദ്ധകാലത്ത് ഓഹരിവിപണിയിലുണ്ടായ കുതിച്ചുചാട്ടം ഇദ്ദേഹത്തെ അതിസമ്പന്നനാക്കി. സെക്യൂരിറ്റി ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്റെ ചെയര്‍മാന്‍, ബ്രിട്ടനിലെ അമേരിക്കന്‍ അംബാസിഡര്‍ എന്നീ ചുമതലകളും ഇദ്ദേഹം വഹിച്ചു. കുട്ടിക്കാലത്ത് ജെഎഫ്‌കെയുടെ ഓമനപ്പെര് ജാക്ക് എന്നായിരുന്നു. ഒമ്പതു സഹോദരങ്ങളില്‍ ജെഎഫ്‌കെ രണ്ടാമനായിരുന്നു. ഒരു പക്ഷെ ലോകത്തെ ഇത്രയധികം സ്വാധീനിച്ച സഹോദരങ്ങള്‍ അധികമുണ്ടാവില്ല. സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് എന്ന ആശയം പ്രാവര്‍ത്തികമാക്കിയ യൂനിസ് കെന്നഡി, യു. എസ് അറ്റോര്‍ണി ജനറലായിരുന്ന റോബര്‍ട്ട് കെന്നഡി, അമേരിക്കന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തരായ സെനറ്ററുമാരില്‍ ഒരാളായ ടെഡ് കെന്നഡി എന്നിവരുള്‍പ്പെട്ട ആ സഹോദരങ്ങള്‍ പരസ്പരസ്‌നേഹത്തിന്റെയും കാര്യക്ഷമതയുടെയും മകുടോദാഹരണങ്ങളായിരുന്നു.

മറ്റുള്ള മാതാപിതാക്കളില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥരായിരുന്നു ജെഎഫ്‌കെയുടെ മാതാപിതാക്കള്‍. തങ്ങളുടെ ആഗ്രഹങ്ങള്‍ കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ അവര്‍ ആഗ്രഹിച്ചില്ല. അദ്ദേഹം കുട്ടികളെ നീന്തല്‍, തുഴച്ചില്‍ മത്സരങ്ങളിലൊക്കെ പങ്കെടുക്കാന്‍ നിര്‍ബാധം അനുവദിച്ചു. എല്ലാത്തിലും ജയിക്കണം എന്ന ഒറ്റ നിബന്ധന മാത്രമേ ആ പിതാവിനുണ്ടായിരുന്നുള്ളൂ. പിതാവിന്റെ ആഗ്രഹത്തിനൊത്ത് ജെഎഫ്‌കെ ഒന്നാമനായി മുന്നേറിക്കൊണ്ടിരുന്നു. ജെഎഫ്‌കെയെ കണക്ടിക്കട്ടിലെ കാന്റര്‍ബറിയിലെ കാത്തലിക്ക് ബോര്‍ഡിംഗ് സ്കൂളില്‍ ചേര്‍ത്തു. അവിടെവച്ച് ഇംഗഌഷിലും ചരിത്രത്തിലും ജെഎഫ്‌കെ മികവുതെളിയിച്ചു. എന്നാല്‍ ഈയൊരു ഉത്സാഹം ലാറ്റിന്‍ പഠിക്കുന്നതില്‍ കാണിക്കാന്‍ ജെഎഫ്‌കെയ്ക്കു കഴിഞ്ഞില്ല. എന്നാല്‍ പാഠ്യേതര വിഷയങ്ങളില്‍ മികവു പുലര്‍ത്താന്‍ ജെഎഫ്‌കെയ്ക്കായി. ഹൈസ്കൂള്‍ കാലയളവില്‍ ഇടതടവില്ലാതെ പുസ്തകങ്ങള്‍ വായിക്കുന്നത് ജെഎഫ്‌കെ ശീലമാക്കിയിരുന്നു.എന്നാല്‍ അവയൊന്നും അധ്യാപകര്‍ നിര്‍ദേശിച്ചവയല്ലായിരുന്നു.

കൗമാരപ്രായത്തില്‍ ബാധിച്ച സ്കാര്‍ലറ്റ് ഫീവര്‍ എന്ന അസുഖം ജെഎഫ്‌കെയെ മരണാസന്നനാക്കി. ഇതുമൂലം സ്കൂള്‍ ജീവിതത്തിലെ അനവധി മാസങ്ങള്‍ ജെഎഫ്‌കെയ്ക്ക് നഷ്ടമായി. ചൊയാറ്റ് സ്കൂളില്‍ നിന്നും സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി കെന്നഡി 1936ല്‍ ഹാര്‍ഡ് വാര്‍ഡ് സര്‍വകലാശാലയില്‍ ചേര്‍ന്നു. ആ വിശാലമായ ലോകം കെന്നഡിയെ വളര്‍ത്തി. കായികയിനങ്ങളും പെണ്‍കുട്ടികളും അവിടെ ജെഎഫ്‌കെയ്ക്ക് ഇഷ്ടവിഷയങ്ങളായി. സുന്ദരനും മനോഹരമായി ചിരിക്കുന്നവനുമായ കെന്നഡി പെട്ടെന്നുതന്നെ സര്‍വകലാശാലയില്‍ ജനപ്രിയനായി. സര്‍വകലാശാലയിലെ പെണ്‍കുട്ടികള്‍ ജെഎഫ്‌കെയുടെ ഒരു നോട്ടത്തിനായി കൊതിച്ചു. എല്ലാവിധ ഉഴപ്പുകള്‍ക്കും ശേഷം തന്റെ കഴിവുകള്‍ മനസിലാക്കിയ കെന്നഡി പഠിത്തത്തില്‍ മികച്ചവനായി. 1939ല്‍  ജെഎഫ്‌കെയുടെ പിതാവ് ബ്രിട്ടനിലെ അംബാസിഡറായി അവരോധിതനായി. അദ്ദേഹത്തോടൊപ്പം ബ്രിട്ടന്‍ സന്ദര്‍ശിച്ച ശേഷം നാസികളുടെ വെല്ലുവിളിയെ നേരിടാന്‍ ബ്രിട്ടന്‍ തയ്യാറെടുപ്പുകള്‍ നടത്താത്തതിനെപ്പറ്റി ഒരു ലേഖനം എഴുതാന്‍ കെന്നഡി തീരമാനിച്ചു. വൈ ഇംഗ്ലണ്ട് സ്ലെപ്റ്റ് എന്ന പേരില്‍ ഒരു ബുക്കായിയപ്പോള്‍ വിറ്റുപോയത്  80,000ല്‍ പരം കോപ്പികളാണ്.

ഹാര്‍ഡ് വാര്‍ഡില്‍ നിന്നും ബിരുദപഠനം പൂര്‍ത്തിയാക്കി ഇറങ്ങിയ ജെഎഫ്‌കെ അമേരിക്കന്‍ നാവികസേനയില്‍ ചേര്‍ന്നു. 1943 ഓഗസ്റ്റ് രണ്ടിന്  കെന്നഡി സഞ്ചരിച്ച PT-109 എന്ന ബോട്ട് ജാപ്പനീസ് കപ്പലിന്റെ ആക്രമണത്തില്‍ തകര്‍ന്നു. ബോട്ടിലുണ്ടായിരുന്ന രണ്ട് നാവികര്‍ കൊല്ലപ്പെടുകയും കെന്നഡി ഉള്‍പ്പെടെയുള്ളവര്‍ക്ക് മാരകമായി പരിക്കേല്‍ക്കുകയും ചെയ്തു.  തന്റെ ഒപ്പമുള്ളവരുടെ സംരക്ഷണം ഏറ്റെടുത്ത കെന്നഡി അവരേയും കൊണ്ട് അടുത്തുള്ള ദ്വീപിലേക്ക് രക്ഷപ്പെട്ടു. ആറു ദിവസത്തിനു ശേഷമാണ് ആ ദ്വീപില്‍ നിന്നും അമേരിക്കന്‍ സേന അവരെ രക്ഷിക്കുന്നത്. എക്‌സ്ട്രീംലി ഹീറോയിക് കണ്ടക്റ്റ് എന്ന ബഹുമതി നല്‍കിയാണ് ആ ധീരതയെ നാവികസേന ആദരിച്ചത്. കെന്നഡിയുടെ സഹോദരന്‍ ജോസഫ് കെന്നഡി ജൂനിയര്‍ നേവിയിലെ പൈലറ്റ് ആയിരുന്നു. ജെഎഫ്‌കെയ്ക്കു ലഭിച്ച ഭാഗ്യം ജോസഫിനു ലഭിച്ചില്ല 1944ല്‍ നടന്ന ഒരു വിമാനാപകടത്തില്‍ ജോസഫ് മരിക്കുകയായിരുന്നു. ജെഎഫ്‌കെയുടെ പിതാവിന് ഏറ്റവും പ്രതീക്ഷയുണ്ടായിരുന്ന മകനായിരുന്നു ജോസഫ്. ജോസഫിന്റെ മരണത്തോടെ കുടുംബത്തിന്റെ പ്രതീക്ഷകള്‍ ജെഎഫ്‌കെയിലായി.

1946ല്‍ നേവിയില്‍ നിന്നും വിരമിച്ച ശേഷം ചില പത്രങ്ങളിലും മറ്റും ജെഎഫ്‌കെ ജോലിനോക്കിയിരുന്നു. ഒടുവില്‍ ബോസ്റ്റണില്‍ നിന്നും അമേരിക്കന്‍ പ്രതിനിധിസഭയിലേക്കു മത്സരിക്കാന്‍ തീരുമാനിച്ചു. യുദ്ധവീരന്‍ എന്ന പരിവേഷം ജെഎഫ്‌കെയെ അനായാസം വിജയപദത്തിലെത്തിച്ചു. എന്നാല്‍ ഈ പദവി അത്ര അനായാസമു്ള്ളതല്ലെന്ന് ജെഎഎഫ്‌കെയ്ക്ക പതിയെ മനസിലായി. 1946 മുതല്‍ 1952 വരെയുള്ള കാലയളവില്‍ മൂന്നു തവണയായി കെന്നഡി പ്രതിനിധിസഭയില്‍ അംഗമായി. 1952ല്‍ സെനറ്റിലേക്കു മത്സരിച്ച ജെഎഫ്‌കെ ഇത്തവണയും വിജയംകണ്ടു.

ഇലക്ഷനു ശേഷം പങ്കെടുത്ത ഒരു ഡിന്നറില്‍ കണ്ടുമുട്ടിയ ജാക്വലിന്‍ ബോവിയര്‍ ജെഎഫ്‌കെയുടെ ഹൃദയം കീഴടക്കി. അങ്ങനെ 1953 സെപ്റ്റംബര്‍ 12ന്  അവര്‍ വിവാഹിതരായി. കരോളിന്‍ കെന്നഡി, ജോണ്‍ എഫ് കെന്നഡി ജൂനിയര്‍, പാട്രിക് കെന്നഡി എന്നിങ്ങനെ മൂന്നുമക്കളാണ് കെന്നഡി ദമ്പതിമാര്‍ക്ക് ജനിച്ചത്. അനാരോഗ്യം മൂലം ജെഎഫ്‌കെ ദുരിതമനുഭവിച്ചിരുന്നു. എന്നിരുന്നാലും പുസ്തകമെഴുതുന്നതില്‍ അദ്ദേഹം ആനന്ദം കണ്ടെത്തിയിരുന്നു. പ്രൊഫൈല്‍ ഇന്‍ കറേജ് എന്ന പുസ്തകത്തിന് ജീവചരിത്രവിഭാഗകത്തില്‍ 1957ലെ പുലിസ്റ്റര്‍ പ്രൈസ് ലഭിച്ചു. പുലിസ്റ്റര്‍ പ്രൈസ് ലഭിച്ച ഏക അമേരിക്കന്‍ പ്രസിഡന്റും ജെഎഫ്‌കെ തന്നെയാണ്. കെന്നഡിയുടെ എട്ടുവര്‍ഷം നീണ്ട സെനറ്റ് കരിയര്‍ സംഭവബഹുലമായിരുന്നു. സോവിയറ്റ് യൂണിയനുമായുള്ള ശീതയുദ്ധം ഉടലെടുത്തത് ഇക്കാലയളവിലായിരുന്നു. 1960ല്‍ ജെഎഫ്‌കെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ തീരുമാനിച്ചു. ഡെമോക്രാറ്റിക് പ്രൈമറിയില്‍ ഹ്യൂബര്‍ട്ട് ഹംഫ്രിയെ മലര്‍ത്തിയടിച്ച  കെന്നഡിയുടെ ഇലക്ഷന്‍ എതിരാളി നിലവിലെ നിലവിലെ വൈസ് പ്രസിഡന്റായിരുന്ന റിച്ചാര്‍ഡ് നിക്‌സനായിരുന്നു. 1960 നവംബര്‍ എട്ടിന് നടന്ന തെരഞ്ഞെടുപ്പില്‍ നിക്‌സനെ നേരിയഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി ജെഎഫ്‌കെ അമേരിക്കയുടെ 35-ാമത്തെ പ്രസിഡന്റായി.

1961 ജനുവരി 21ന് സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ വെറും 43 വയസുമാത്രമായിരുന്നു ജെഎഫ്‌കെയുടെ പ്രായം. പ്രസിഡന്റാകുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെയാള്‍. കത്തോലിക്കനായ ആദ്യ പ്രസിഡന്റ്, 20-ാം നൂറ്റാണ്ടില്‍ ജനിച്ച ആദ്യ പ്രസിഡന്റ്  തുടങ്ങിയ ബഹുമതികളും ഒപ്പമുണ്ടായിരുന്നു. ലോകമെങ്ങും സമാധാനം സ്ഥാപിക്കാനായി പീസ് കോപ്‌സ് എന്ന സമാധാന സംഘവും ജെഎഫ്‌കെ രൂപീകരിച്ചു. 135 രാജ്യങ്ങളിലായി സമാധാന സംഘാംഗങ്ങള്‍ സേവനമനുഷ്ടിക്കുന്നു. കെന്നഡി അധികാരത്തിലേറിയതിന്റെ പിന്നീടുള്ള വര്‍ഷങ്ങള്‍ അമേരിക്കന്‍ ജനതയുടെ സുവര്‍ണകാലമായിരുന്നു. പല തന്ത്രപ്രധാനമായ തീരുമാനങ്ങളിലൂടെ രാജ്യത്തിനകത്തും രാജ്യത്തിനു പുറത്തും ജെഎഫ്‌കെ ശ്രദ്ധാകേന്ദ്രമായി.

1963 നവംബര്‍ 22ന് ഒരു സൂര്യന്റെ അസ്തമയമായിരുന്നു. ഇലക്ഷന്‍ കാമ്പയിന്റെ ഭാഗമായി ഭാര്യയ്ക്കും ടെക്‌സാസ് ഗവര്‍ണര്‍ ജോണ്‍ കോനാലിയ്ക്കുമൊപ്പം ടെക്‌സാസിലൂടെ സഞ്ചരിക്കുകയായിരുന്നു ജെഎഫ്‌കെ. ആ സമയത്ത് ടെക്‌സാസ് സ്കൂള്‍ ബുക്ക് ഡിപ്പോസിറ്ററി ബില്‍ഡിംഗിന്റെ ജനാലയില്‍ നിന്നും വന്ന രണ്ട് വെടിയുണ്ട ആ യുദ്ധവീരന്റെ ജീവനെടുത്തു. 24കാരനായ ഗോഡൗണ്‍ ജോലിക്കാരന്‍ ലീ ഹാര്‍വി ഓസ്വാള്‍ഡ് ആയിരുന്നു ആ പാതകം ചെയ്തത്. ഇയാള്‍ ഒരു സോവിയറ്റ് അനുഭാവിയായിരുന്നു. വെടിയേറ്റയുടന്‍ പാര്‍ക്ക്‌ലാന്‍ഡ് മെമ്മോറിയല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജെഎഫ്‌കെയുടെ ജീവന്‍ നിലനിര്‍ത്താനായില്ല. അമേരിക്കന്‍ ചരിത്രത്തില്‍ തന്റെ കാല്‍പ്പാടുകള്‍ ആഴത്തില്‍ പതിപ്പിച്ച ആ മനുഷ്യന് അപ്പോള്‍ 46 വയസുമാത്രമായിരുന്നു പ്രായം. മരിച്ച് അരനൂറ്റാണ്ട് പിന്നിട്ടെങ്കിലും ജെഎഫ്‌കെ അമേരിക്കന്‍ ജനഹൃദയങ്ങളിലൂടെ ഇന്നും ജീവിക്കുകയാണ്.

(രാഷ്ടദീപികഡോട്ട്‌കോം പ്രസിദ്ധീകരിക്കുന്ന സ്‌പെഷല്‍ ഫീച്ചറുകള്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഒരു മാറ്റവും കൂടാതെ പ്രസിദ്ധീകരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ദയവായി ശ്രദ്ധിക്കുമല്ലോ)

Related posts