പെർത്ത്: ഓസ്ട്രേലിയൻ മണ്ണിൽ ചരിത്ര പരന്പര സ്വന്തമാക്കി പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ പടയോട്ടം. നീണ്ട 22 വർഷത്തിനുശേഷം പാക്കിസ്ഥാൻ ഓസ്ട്രേലിയയിൽ ഏകദിന ക്രിക്കറ്റ് പരന്പര സ്വന്തമാക്കി. മൂന്നാമത്തെയും അവസാനത്തെയുമായി പോരാട്ടത്തിൽ എട്ടു വിക്കറ്റ് ജയം സ്വന്തമാക്കിയാണ് പാക് സംഘത്തിന്റെ ചരിത്ര നേട്ടം.
മൂന്നാം ഏകദിനത്തിൽ പേസർമാരുടെ കരുത്തിൽ പാക്കിസ്ഥാൻ 31.5 ഓവറിൽ ഓസ്ട്രേലിയയെ 140 റൺസിന് എറിഞ്ഞിട്ടു. മറുപടിക്കിറങ്ങിയ പാക് ബാറ്റർമാർ 26.5 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 143 റൺസ് അടിച്ചെടുത്ത് ജയമാഘോഷിച്ചു.
പാക്കിസ്ഥാനുവേണ്ടി ഏഴ് ഓവറിൽ 24 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ ഹാരീസ് റൗഫാണ് പ്ലെയർ ഓഫ് ദ മാച്ച്. പേസർമാരായ ഷഹീൻ അഫ്രീദിയും (3/32) നസീം ഷായും (3/54) മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. ഹാരിസ് റൗഫാണ് പ്ലെയർ ഓഫ് ദ സീരീസ്. 2002ൽ ആയിരുന്നു പാക്കിസ്ഥാൻ അവസാനമായി ഓസ്ട്രേലിയയിൽ ഏകദിന പരന്പര സ്വന്തമാക്കിയത്.