കൊച്ചി: സംസ്ഥാനത്ത് ഇക്കഴിഞ്ഞ 11 മാസത്തിനുള്ളില്‍ ചരിഞ്ഞത് 21 നാട്ടാനകള്‍. പാദരോഗം, പാപ്പാൻമാരുടെ മർദനം, പരീക്ഷണ ചികിത്സ തുടങ്ങിയവ ആനകളുടെ മരണത്തിന് ആക്കം കൂട്ടുന്നതായാണ് റിപ്പോര്‍ട്ട്. 2018 നവംബര്‍ 30ലെ സെന്‍സസ് പ്രകാരം കേരളത്തില്‍ 521 നാട്ടാനകളാണ് ഉണ്ടായിരുന്നത്.
2018 ല്‍ മൂന്ന് ആനകളും 2019 ല്‍ 29 എണ്ണവും 2020, 2021 കാലഘട്ടത്തില്‍ 20 വീതം ആനകളും ചരിഞ്ഞു. ഇതോടെ നാട്ടാനകളുടെ എണ്ണം 346 ആയി.2024 ജനുവരി മുതല്‍ നവംബര്‍ ഒമ്പതു വരെ 21 നാട്ടാനകള്‍ ചരിഞ്ഞെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജനുവരി 11ന് ഭാരത് വിനോദ് (49), 25ന് കളമായ്ക്കല് ജയ കൃഷ്ണന് (52), 27ന് ഗുരുവായൂര്‍ കണ്ണന് (54), മാര്‍ച്ച് 26ന് മംഗലാംകുന്ന് അയ്യപ്പന് (53), ഏപ്രില്‍ നാലിന് കോട്ടൂര്‍ രാജു (ആറ്), 30ന് കോടനാട് നീലകണ്ഠന് (31), മേയ് ഒന്നിന് ഇടുക്കി രാജലക്ഷ്മി (52), എട്ടിന് തൃക്കാരിയൂര്‍ ശിവ നാരായണന് (48), തേക്കിന് തോട്ടത്തില്‍ അയ്യപ്പന് (52), 11ന് ഗുരുവായൂര്‍ മുകുന്ദന് (48), 18ന് പാട്ടാമ്പി സാഗര്‍ കണ്ണന് (54), 31ന് ചക്കനാമഠം ദേവപ്രിയന്‍ (42), ഒക്ടോബര്‍ മൂന്നിന് കുട്ടന്‍കുളങ്ങര ശ്രീനിവാസന് (54), 10ന് ചെറുശേരി രാജ (48), അമ്പാടി കണ്ണന് (49), 12ന് വെണ്ണാറ്റുമട്ടം ചെമ്പകം (56), 17ന് പഞ്ചമത്തില്‍ ദ്രോണ (32), 22ന് പുതുപ്പള്ളി അര്ജുനന് (48), 31ന് വെള്ളിമണ്‍ കൊച്ചയ്യപ്പന് (29), നവംബര്‍ ഒമ്പതിന് കുറുപ്പത്ത് ശിവശങ്കരന് (50), സിഡിബി ചന്ദ്രശേഖരന് (72) എന്നീ ആനകളാണ് ചരിഞ്ഞത്.
ആന എഴുന്നള്ളിപ്പിന് കര്‍ശന നിയന്ത്രണങ്ങള്‍ക്ക് ശിപാര്‍ശ ചെയ്ത് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ഇന്ന് കര്‍ശന നിയന്ത്രണങ്ങള്‍ പുറപ്പെടുവിച്ചേക്കുമെന്നും സൂചനയുണ്ട്. 2018ല്‍ 34 നാട്ടാനകള്‍ ചരിഞ്ഞതിനെത്തുടര്‍ന്ന് ഒരാഴ്ചയില്‍ കൂടുതല്‍ ആനയ്ക്ക് അസുഖം ബാധിച്ചു കിടന്നാല്‍ ജില്ലയിലെ അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്, സോഷ്യല്‍ ഫോറസ്റ്റ് ഓഫീസര്‍ എന്നിവര്‍ ഇതുസംബന്ധിച്ച് വിവരശേഖരണം നടത്താന്‍ ഉത്തരവുണ്ടായിരുന്നു.
അസുഖ ബാധിതരായ ആനകളുടെ കണക്ക് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡിനെ അറിയിച്ചാല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മൃഗഡോക്ടര്‍മാരുടെ സമിതി ആനയെ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനും ഉത്തരവ് വന്നിരുന്നു. എന്നാല്‍ 2020 മാര്‍ച്ചില്‍ വന്ന ഈ ഉത്തരവ് അട്ടിമറിക്കപ്പെട്ടതായി ഹെറിറ്റേജ് ആനിമല്‍ ടാക്സ് ഫോഴ്സ് സെക്രട്ടറി വി.കെ. വെങ്കിടാചലം പറഞ്ഞു.
നിലവില്‍ ആന ഉടമകള്‍ എന്നു പറയുന്ന പലര്‍ക്കും ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റില്ല. 2018ലെ സെന്‍സസ് പ്രകാരം ആനയെ പാര്‍പ്പിച്ചിരുന്ന സ്ഥലത്തല്ല പല ആനകളും ചെരിയുന്നത്. കൂടുതല്‍ വരുമാനം പ്രതീക്ഷിച്ച് എഴുന്നള്ളത്തിനും തടിയെടുപ്പിക്കലിനുമായി പല ജില്ലകളിലേക്കും ആനയെ മാറ്റുകയാണ് പതിവ്.
തുടര്‍ന്ന് 2021 മാര്‍ച്ചില്‍ 15 ദിവസത്തില്‍ കൂടുതല്‍ ഒരാനയെ മറ്റു സ്ഥലത്തേക്ക് മാറ്റാന്‍ പാടില്ലന്ന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവ് വന്നിരുന്നു. ആ ഉത്തരവും ഇതുവരെ നടപ്പാക്കിയിട്ടില്ല. 2015 ഓഗസ്റ്റ് 18ലെ സുപ്രീംകോടതി ഉത്തരവ് പ്രകാരം എല്ലാ ആനകളെയും ബില്‍ഡിംഗ് ലൈസന്‍സോടു കൂടിയ ഷെഡില്‍ പാര്പ്പിക്കണമെന്നുണ്ട്. പല ആനകളേയും പറമ്പില്‍ തളയ്ക്കുകയാണ് പതിവ്. ഇവയുടെ കാലുകളില്‍ തണുപ്പ് അടിച്ചാല്‍ അത് തലച്ചോറിനെ ബാധിക്കും. ഇത് വാതമായി മാറി ആന ചരിയും. വാതം വന്നാല്‍ ആന ഭക്ഷണം എടുക്കാന്‍ കൂട്ടാക്കില്ല. ഇങ്ങനെ ആന ചരിഞ്ഞാലും ഹൃദയാഘാതം എന്നാണ് ഡോക്ടര്‍മാര്‍ പരിശോധനാ റിപ്പോര്‍ട്ട് നല്‍കുന്നതെന്നും ആക്ഷേപമുണ്ട്.
ആന ചരിഞ്ഞാല്‍ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ 30,000 രൂപ സര്‍ക്കാരില്‍ അടച്ചാല്‍ അവരുടെ സ്ഥലത്ത് ദഹിപ്പിക്കുന്നതിനായി കുഴിയെടുത്ത് നല്‍കും. സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് ആനയെ ദഹിപ്പിക്കുന്നതിന് 2,000 രൂപ മതിയാകും. ഇത്തരം സാഹചര്യങ്ങളില്‍ ആന ഉടമയെന്ന് അവകാശപ്പെടുന്ന ആള് സ്ഥലത്തുണ്ടാവില്ല. അതിനാല്‍ തന്നെ ആളെ പിന്നെ ഹാജരാക്കാമെന്ന വ്യവസ്ഥയില്‍ ആനയെ ദഹിപ്പിക്കുകയാണ് പതിവ്.
ആനക്കൊമ്പ് വനംവകുപ്പ് അധികൃതര്‍ കൊണ്ടുപോകും. എന്തു കാരണത്താല്‍ ആന ചത്തുവെന്ന് അറിയാനുള്ള ആന്തരിക ശ്രവങ്ങളുടെ പരിശോധന നടത്താനുള്ള ലാബും ഇവിടെയില്ല. ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്കുലാര്‍ ബയോളജി ലാബിലാണ് ഇതിനുള്ള സൗകര്യമുള്ളത്. അതുമൂലം തന്നെ ആന ചരിഞ്ഞാല്‍ ശാസ്ത്രീയ രേഖകള്‍ ഇല്ലാത്ത അവസ്ഥയാണ് ഇന്നുള്ളത്. ആനയെ കൊന്നാല്‍ എട്ടുവര്‍ഷം വരെ തടവും രണ്ടര ലക്ഷം രൂപ പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണെന്നാണ് വന്യജീവി നിയമത്തില്‍ ഉള്ളത്. ഇത്രയും ആനകള്‍ ചരിഞ്ഞിട്ടും ഇതു സംബന്ധിച്ച് സംസ്ഥാനത്ത് ഒരു കേസുപോലും ഇല്ലെന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത.
സീമ മോഹന്‍ലാല്‍