ഫ്രാങ്ക്ഫർട്ട്: അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിൽനിന്ന് ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്കു സഞ്ചരിക്കുകയായിരുന്ന ലുഫ്താൻസയുടെ വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 11 യാത്രക്കാർക്കു പരിക്കേറ്റു.
അറ്റ്ലാന്റിക് സമുദ്രത്തിനു മുകളിൽ ഇന്റർട്രോപ്പിക്കൽ കൺവർജൻസ് സോണിൽവച്ചായിരുന്നു സംഭവം. ലുഫ്താൻസയുടെ എൽഎച്ച്-511 വിമാനമാണ് ഇന്നലെ ആകാശച്ചുഴിയിൽപ്പെട്ടത്.
ബോയിംഗ് 747-8 വിഭാഗത്തിൽപ്പെടുന്ന വിമാനത്തിൽ 329 യാത്രക്കാരും 19 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഇവരിൽ ആറു ജീവനക്കാർക്കും അഞ്ചു യാത്രക്കാർക്കും പരിക്കേറ്റതായും ആരുടെയും പരിക്കുകൾ സാരമുള്ളതായിരുന്നില്ലെന്നും കമ്പനി വക്താവ് അറിയിച്ചു.
പരിക്കറ്റവർക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കി. ഇന്നലെ പ്രാദേശിക സമയം രാവിലെ 10.53ന് മുൻനിശ്ചയിച്ച പ്രകാരം തന്നെ വിമാനം ഫ്രാങ്ക്ഫർട്ടിൽ ലാൻഡ് ചെയ്തു.