കണ്ണൂർ: തന്റെ ആത്മകഥയുടെ ഭാഗങ്ങളെന്ന് പറഞ്ഞ് പുറത്തു വന്ന കാര്യങ്ങളെല്ലാം ഇ.പി. ജയരാജൻ നിഷേധിച്ചു. താൻ പുസ്തകം എഴുത്തികഴിഞ്ഞിട്ടില്ലെന്നും പേരോ കവർചിത്രമോ തീരുമാനിച്ചിട്ടില്ലെന്നും ഇ.പി. ജയരാജൻ പറഞ്ഞു.
ഉപതെരഞ്ഞെടുപ്പ് ദിവസമായ ഇന്ന് തന്റെ ആത്മകഥയുടെ ഭാഗങ്ങളെന്ന് പറഞ്ഞ് വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പുറത്തു വിട്ടതിനു പിന്നിൽ ഗൂഢാലോചനയുണ്ട്. പുസ്തകം പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് താൻ ഡിസി ബുക്സുമായി ഒരു കരാറിലും ഏർപ്പെട്ടിട്ടില്ല. ഡിസിയും മാതൃഭൂമിയും താത്പര്യം അറിയിച്ചിരുന്നു. ഇപ്പോഴും പുസ്തകം എഴുത്തുപുരയിലാണ്.
എന്റെ ജീവചരിത്രവും രാഷ്ട്രീയ ചരിത്രവുമാണ് എഴുതുന്നത്. ഇപ്പോൾ പുറത്തു പറയുന്ന കാര്യങ്ങളൊന്നും തന്നെ താൻ എഴുതിയിട്ടില്ല. ബോധപൂർവമായ ഗൂഢാലോചനയാണ് ഇപ്പോഴത്തെ സംഭവത്തിനു പിന്നിൽ. ഇതിനെതിരേ താൻ നിയമനടപടി സ്വീകരിക്കുമെന്നും ഇ.പി. ജയരാജൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
ആത്മകഥ പ്രസാധനംമാറ്റിവച്ചെന്ന് ഡിസി ബുക്സ്
കട്ടൻ ചായയും പരിപ്പുവടയും എന്ന ഇ പി ജയരാജന്റെ ആത്മകഥയുടെ ഭാഗങ്ങൾ പുറത്താവുകയും വിവാദമാകുകയും ചെയ്തതോടെ ഇന്നു നടത്താനിരുന്ന പ്രസാധനം മാറ്റിവച്ചതായി ഡിസിബുക്സ് അറിയിച്ചു. സാങ്കേതിക പ്രശ്നങ്ങളാണ് പ്രസാധനം നീട്ടിവയ്ക്കാൻ കാരണം. ഉള്ളടക്കത്തെക്കുറിച്ചുള്ള കാര്യങ്ങൾ പുസ്തകം പ്രസിദ്ധീകരിക്കുന്പോൾ വ്യക്തമാകും -ഡിസി ബുക്സ് തങ്ങളുടെ ഔദ്യോഗിക ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചു.
കട്ടൻ ചായയും പരിപ്പുവടയും എന്ന ഇ പി ജയരാജന്റെ ആത്മകഥയുടെ വില്പന ഇന്നാരംഭിക്കണമെന്ന് കാണിച്ച് വിതരണ ശാലകൾക്ക് ഡിസി ബുക്സ് നേരത്തെ വിവരം നൽകിയിരുന്നു.