ലാഹോർ: 2025ലെ ഐസിസി ചാന്പ്യൻസ് ട്രോഫിയിൽനിന്ന് പാക്കിസ്ഥാൻ പിന്മാറിയേക്കും. പാക് മാധ്യമമായ ഡോണ്‍ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇന്ത്യൻ ടീം പാക്കിസ്ഥാനിൽ കളിക്കാൻ വിസമ്മതിക്കുന്നതുകൊണ്ട് ആതിഥേയാവകാശം റദ്ദാക്കുകയോ മത്സരങ്ങൾ ഹൈബ്രിഡ് രീതിയിൽ മറ്റ് രാജ്യങ്ങളിലേക്കു മാറ്റുകയോ ചെയ്താൽ പാക്കിസ്ഥാൻ സർക്കാർ ടൂർണമെന്റ് ബഹിഷ്കരിക്കാൻ പിസിബിക്ക് നിർദേശം നൽകുമെന്ന് പാക് മാധ്യമം ഡോണ്‍ റിപ്പോർട്ട് ചെയ്തു.
ഇന്ത്യൻ ടീമിന്റെ മത്സരങ്ങൾ പാക്കിസ്ഥാന് പുറത്ത് നടത്തുന്ന ഹൈബ്രിഡ് മോഡൽ പിസിബി തള്ളിക്കളഞ്ഞിട്ടുമുണ്ട്. ഇതോടെ ഇന്ത്യ ചാന്പ്യൻസ് ട്രോഫിക്ക് ഉണ്ടാകില്ലെന്ന് ഉറപ്പായി.
കഴിഞ്ഞ വർഷത്തെ ഏഷ്യാ കപ്പിൽ ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിലായിരുന്നു നടന്നത്. ടൂർണമെന്റിന് ടീമിനെ എന്തുകൊണ്ട് അയയ്ക്കില്ലെന്ന കാര്യത്തിൽ ബിസിസിഐ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് പിസിബി, ഇന്റർനാഷണൽ ക്രിക്കറ്റ് കൗണ്‍സിലിന് കത്ത് നൽകാൻ ഒരുങ്ങുകയാണ്.
2025ലെ ചാന്പ്യൻസ് ട്രോഫിയിൽ പങ്കെടുക്കാൻ ഇന്ത്യ പാക്കിസ്ഥാനിലേക്ക് പോകില്ലെന്ന് ഐസിസിയെ ബിസിസിഐ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ടീമിനെ പാക്കിസ്ഥാനിലേക്ക് അയയ്ക്കരുതെന്ന് കേന്ദ്ര സർക്കാർ നിർദേശിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എട്ട് ടീമുകൾ അടങ്ങുന്ന ചാന്പ്യൻസ് ട്രോഫി ഫെബ്രുവരി 19 മുതൽ മാർച്ച് ഒന്‍പത് വരെ പാക്കിസ്ഥാനിലെ മൂന്ന് വേദികളിലാണ് നടക്കുക.
പ്രധാന ടൂർണമെന്റുകളിൽ ഇന്ത്യ-പാക്കിസ്ഥാൻ മത്സരങ്ങൾ അരങ്ങേറിയില്ലെങ്കിൽ ഐസിസിക്ക് വലിയ സാന്പത്തിക നഷ്ടം ഉണ്ടാകുമെന്ന് മുൻ പാക്കിസ്ഥാൻ താരം ജാവേദ് മിയാൻദാദ് പറഞ്ഞു.