പത്തനംതിട്ട: ശബരിമല മണ്ഡല, മകരവിളക്കു കാലത്തെ സുരക്ഷാ ജോലികള്‍ക്കായുള്ള പോലീസ് സേനയുടെ ആദ്യസംഘം നാളെ ചുമതലയേല്‍ക്കും. സന്നിധാനത്തെ കണ്ട്രോള് റൂമും നാളെ പ്രവര്‍ത്തനസജ്ജമാകും. ഓരോ കമ്പനി ആര്‍എഎഫ്, എന്‍ഡിആര്‍ എഫ് സേനാംഗങ്ങളും ഡ്യൂട്ടിക്കെത്തും.
ഇവരെ സന്നിധാനം, പമ്പ എന്നിവടങ്ങളിലായി നിയോഗിക്കും. പോലീസ് ഉദ്യോഗസ്ഥരുടെ ആദ്യം സംഘം നാളെ ഉച്ചയ്ക്ക് ചുമതലയേല്‍ക്കും. മണ്ഡലകാലത്ത് മൂന്ന് ഘട്ടങ്ങളും മകരവിളക്കു കാലത്ത് രണ്ടുഘട്ടങ്ങളുമായാണ് പോലീസ് വിന്യാസം. ഓരോഘട്ടത്തിലും എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ സ്പെഷല്‍ ഓഫീസര്‍മാരായി സന്നിധാനം, പന്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ചുമതലയിലുണ്ടാകും.
ആദ്യഘട്ടത്തിലെ സന്നിധാനം സ്പെഷല്‍ ഓഫീസറായി എറണാകുളം റേഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം എസ്പി കെ.ഇ.ബൈജുവിനെ നിയമിച്ചിട്ടുണ്ട്. പമ്പ എസ്ഒ ആയി സ്പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് എസ്പി ടി. ഫെറാഷും നിലയ്ക്കലില്‍ പത്തനംതിട്ട ക്രൈം ബ്രാഞ്ച് എസ്പി എസ്.സുരേഷ് കുമാറും (സീനിയര്‍) നിയമിതാരായിട്ടുണ്ട്.
ശബരിമല താത്കാലിക പോലീസ് സ്റ്റേഷനുകള്‍ ഇന്നു മുതല്‍
പത്തനംതിട്ട: ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് സന്നിധാനം, നിലയ്ക്കല്‍, വടശേരിക്കര എന്നിവിടങ്ങളില്‍ താത്കാലിക പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം ഇന്നാരംഭിക്കും. 2025 ജനുവരി 20 വരെ ഇവ പ്രവര്‍ത്തിക്കും. മൂന്നിടങ്ങളിലേക്കും ആവശ്യമായ പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചു കഴിഞ്ഞതായിജില്ലാ പോലീസ് മേധാവി പറഞ്ഞു. സുഗമമായ ദര്‍ശനം, മികച്ച ഗതാഗത നിയന്ത്രണം, ക്രമസമാധാന പരിപാലനം തുടങ്ങിയ കാര്യങ്ങളില്‍ പോലീസ് സേവനം കാര്യക്ഷമമായി തുടരും.
ഇന്നു മുതല്‍ ഡിസംബര്‍ 17 വരെയുള്ള ആദ്യഘട്ടത്തിലേക്കുള്ള പോലീസ് ഉദ്യോഗസ്ഥരെയാണ് താത്കാലിക പോലീസ് സ്റ്റേഷനുകളിലേക്ക് ഇപ്പോള്‍ നിയമിച്ചിരിക്കുന്നത്. മൂന്നിടങ്ങളിലെയും എസ്എച്ച്ഒമാര്‍ക്ക് ഇന്നു മുതല്‍ ഡിസംബര്‍ രണ്ടു വരെയുള്ള 20 ദിവസത്തേക്കാണ് നിയമനം.
സന്നിധാനത്ത് തിരുവല്ല എസ്ഐ അനൂപ് ചന്ദ്രനും നിലയ്ക്കലില്‍ അടൂര്‍ എസ്ഐ ബാലസുബ്രഹ്മണ്യനും വടശേരിക്കരയില്‍ കൊടുമണ്‍ എസ്ഐ വിപിന്‍ കുമാറും എസ്എച്ച് ഒമാരായി നിയമിക്കപ്പെട്ടിട്ടുണ്ട്. വിവിധ റാങ്കിലുള്ള 20 പോലീസുദ്യോഗസ്ഥരെ സന്നിധാനത്തും16 പേരെ നിലയ്ക്കലും 12 പേരെ വടശേിക്കരയിലും നയമിച്ചു. ക്യൂ എം സ്റ്റോര്‍, ബോംബ് ഡീറ്റെക്ഷന്‍ സ്ക്വാഡ്, സിസിടിവി എന്നിവയിലേക്കും പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
പോലീസ് ആസ്ഥാനത്ത് കണ്ട്രോള് റൂം
സന്നിധാനം, പമ്പ, നിലയ്ക്കല്‍, ശബരിമലയുമായി ബന്ധപ്പെട്ട മറ്റ് പരിസരപ്രദേശങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി പോലീസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും വേഗത്തിലുള്ള നടപടികള്‍ ഉദ്ദേശിച്ചുള്ള കണ്ട്രോള് റൂം പത്തനംതിട്ട ജില്ലാ പോലീസ് ആസ്ഥാനത്ത് പ്രവര്‍ത്തനം തുടങ്ങി.
തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പോലീസ് പ്രവര്‍ത്തനങ്ങളുടെ ഏകോപനവും അതിവേഗത്തിലുള്ള നടപടികളും ഉറപ്പാക്കുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട പോലീസ് സേവനങ്ങള്‍ക്കും സഹായങ്ങള്‍ക്കും 14432 എന്ന പോലീസ് ഹെല്പ്ലൈന് നമ്പരില്‍ വിളിക്കാവുന്നതാണ്. ഇമെയില്‍ ഐ ഡി [email protected]