കൊട്ടിയൂർ: കേളകം മലയാംപടിയിൽ നാടകസംഘം സഞ്ചരിച്ച മിനിബസ് മറിഞ്ഞ് രണ്ടു പേർ മരിച്ചു. കായംകുളം ദേവ കമ്യൂണിക്കേഷൻ നാടകട്രൂപ്പിലെ നടിമാരായ കായംകുളം മുതുകുളം സ്വദേശിനി അഞ്ജലി (32), കരുനാഗപള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് മരിച്ചത്. മലയാംപടി എസ് വളവിൽ കുത്തനെയുള്ള കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട് മിനിബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഇന്നു പുലർച്ചെ നാലോടെയായിരുന്നു അപകടം.
കടന്നപ്പള്ളിയിൽ നടന്ന നാടകോത്സവത്തിൽ പങ്കെടുത്തശേഷം ബത്തേരിയിൽ നാളെ നടക്കുന്ന നാടകോത്സവത്തിൽ പങ്കെടുക്കാൻ പോകുന്ന വഴിയാണ് ബസ് അപകടത്തിൽപ്പെട്ടത്. 14 പേരാണ് സംഘത്തിലുണ്ടായിരുന്നത്.
കൊട്ടാരക്കര സ്വദേശി വിജയകുമാർ(52), മുഹമ്മ സ്വദേശി അജി എന്ന സജിമോൻ, കൊല്ലം പാരിപ്പള്ളി സ്വദേശി ശ്യാം (38), മുതുകുളം സ്വദേശികളായ ഉണ്ണി (51), ഷിബു (48), അതിരുങ്കൽ സ്വദേശി സുഭാഷ് (59), കല്ലുവാതുക്കൽ ചെല്ലപ്പൻ (43), എറണാകുളം സ്വദേശിനി ബിന്ദു സുരേഷ് (56), ചേർത്തല മറ്റവന സ്വദേശി സാബു ചേർത്തല, കൊല്ലം പന്മന സ്വദേശികളായ അജയകുമാർ, സുരേഷ് കുമാർ, മിനി ബസ് ഡ്രൈവർ കായംകുളം സ്വദേശി ഉമേഷ്(39) എന്നിവർക്ക് പരിക്കേറ്റു.
പരിക്കേറ്റ ഒന്പതുപേരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. നിസാര പരിക്കേറ്റവരെ ചുങ്കക്കുന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കടന്നപ്പള്ളി തെക്കേക്കര റെഡ് സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നാടകോത്സവത്തിൽ ഇന്നലെ രാത്രി കായംകുളം ദേവ കമ്യൂണിക്കേഷന്റെ ‘വനിത മെസ്’ എന്ന നാടകം അരങ്ങേറിയിരുന്നു. ബസിന് സുഗമമായി പോകാൻ കഴിയാത്ത വഴിയിലൂടെ ഗൂഗിൾ മാപ്പ് നോക്കി പോയതാവാം അപകടത്തിന് കാരണമായതെന്നാണ് നാട്ടുകാർ പറയുന്നത്.