ജോഹന്നാസ്ബർഗ്: വാണ്ടറേഴ്സ് പിടിച്ച് പരന്പര സ്വന്തമാക്കുക എന്ന ലക്ഷ്യവുമായി സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ട്വന്റി-20 ടീം.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലു മത്സര ട്വന്റി-20 ക്രിക്കറ്റ് പരന്പരയിലെ അവസാന മത്സരം ഇന്ത്യൻ സമയം ഇന്നു രാത്രി 8.30ന് ജോഹന്നാസ്ബർഗിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തിൽ അരങ്ങേറും. ആദ്യ മൂന്നു മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഇന്ത്യ 2-1നു മുന്നിലാണ്. ഇന്നു ജയിച്ചാൽ സൂര്യകുമാറിനും സംഘത്തിനും പരന്പര സ്വന്തമാക്കാം.
സഞ്ജു Vs യാൻസണ്
പരന്പരയിലെ ആദ്യമത്സരത്തിൽ സെഞ്ചുറി നേടി റിക്കാർഡ് സ്വന്തമാക്കിയ മലയാളി വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജു വി. സാംസണും ദക്ഷിണാഫ്രിക്കൻ പേസർ മാർക്കോ യാൻസണും തമ്മിലുള്ള കൊന്പുകോർക്കലാണ് ടോപ് ഓർഡറിൽ ശ്രദ്ധാകേന്ദ്രം.
ആദ്യ ട്വന്റി-20യിൽ 50 പന്തിൽ 107 റണ്‍സ് അടിച്ചുകൂട്ടി പ്ലെയർ ഓഫ് ദ മാച്ചായ സഞ്ജു രണ്ടും മൂന്നും മത്സരങ്ങളിൽ യാൻസണിനു മുന്നിൽ പൂജ്യത്തിനു ബൗൾഡായി. രണ്ടാം ട്വന്റി-20യിൽ മൂന്നു പന്തും മൂന്നാം മത്സരത്തിൽ നേരിട്ട രണ്ടാം പന്തിലും സഞ്ജുവിന്റെ വിക്കറ്റ് തെറിച്ചു.
റിങ്കു സിംഗിന്റെ ഫോം
ബാറ്റിംഗിൽ സഞ്ജു, തിലക് വർമ എന്നിവരുടെ സെഞ്ചുറി ഇതിനോടകം ഇന്ത്യക്കു ജയം സമ്മാനിച്ചു. മൂന്നാം ട്വന്റി-20യിൽ തിലക് വർമയ്ക്കൊപ്പം (56 പന്തിൽ 107) ഓപ്പണർ അഭിഷേക് ശർമയും (25 പന്തിൽ 50) ഫോം കണ്ടെത്തിയത് ഇന്ത്യക്ക് ആശ്വാസമാണ്. എന്നാൽ, ഫിനിഷർ റോളിൽ ഇന്ത്യ ആശ്രയിക്കുന്ന റിങ്കു സിംഗിന്റെ മോശം ഫോം ടീമിനു പ്രശ്നം സൃഷ്ടിക്കുന്നു. ഈ പരന്പരയിൽ റിങ്കുവിന്റെ നേട്ടം വെറും 28 റണ്‍സ് മാത്രമാണ്.
പരന്പരയിൽ 15 കളിക്കാരുള്ളതിൽ 12 പേരെയും ഇന്ത്യ ഇതിനോടകം കളത്തിലിറക്കി. പിച്ച് പേസ് ബൗളിംഗിനെ തുണയ്ക്കുമെങ്കിൽ യാഷ് ദയാൽ, വൈശാഖ് വിജയ്കുമാർ എന്നിവരിൽ ഒരാൾക്കുകൂടി ഇന്ത്യൻ ജേഴ്സിയിൽ അരങ്ങേറാൻ അവസരം ലഭിച്ചേക്കാം.
തിലക് ചോദിച്ചു വാങ്ങിയ മൂന്നാം നന്പർ
മൂന്നാം ട്വന്റി-20യിൽ മൂന്നാം നന്പറിൽ ഇറങ്ങി സെഞ്ചുറി നേടിയ തിലക് വർമ, ബാറ്റിംഗ് പൊസിഷൻ ചോദിച്ചു വാങ്ങിയതായിരുന്നെന്നു ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ വെളിപ്പെടുത്തൽ. തിലക് റൂമിലെത്തി മൂന്നാം നന്പർ സ്ഥാനത്ത് ബാറ്റ് ചെയ്യാൻ അവസരം നൽകണമെന്ന് അഭ്യർഥിച്ചു. മത്സരത്തലേന്നു രാത്രിയിൽ മൂന്നാം നന്പറിൽ കളിക്കാൻ തിലകിനോട് ആവശ്യപ്പെട്ടെന്നുമായിരുന്നു സൂര്യകുമാറിന്റെ വെളിപ്പെടുത്തൽ.