കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോള്‍ യോഗ്യതാ റൗണ്ടിനുള്ള കേരളത്തിന്റെ 22 അംഗ ടീമിനെ ഇന്നു കോഴിക്കോട്ട് പ്രഖ്യാപിക്കും. മുപ്പതംഗ പരിശീലന ക്യാമ്പില്‍നിന്നാണ് അന്തിമടീമിനെ തെരഞ്ഞെടുക്കുക.
മുന്‍ താരങ്ങളായ കെ.ടി. ചാക്കോ, കെ. അജയന്, പ്രഹ്ലാദന് എന്നിവരാണു സെലക്ടര്‍മാര്‍. കോഴിക്കോട് കോര്പറേഷന് ഇഎംഎസ് സ്റ്റേഡിയത്തിലാണു ക്യാമ്പ്. ഗ്രൂപ്പ് എച്ചില് 20നു റെയില്‍വേസുമായും 22ന് ലക്ഷദ്വീപുമായും 24നു പുതുച്ചേരിയുമായുമാണു കേരളത്തിന്റെ കളി.
കോര്പറേഷന് സ്റ്റേഡിയത്തില്‍ എല്ലാം ദിവസവും വൈകുന്നേരം നാലിനാണു മത്സരം. ഗ്രൂപ്പ് ചാമ്പ്യന്മാര് ഡിസംബറില്‍ ഹൈദരാബാദില്‍ നടക്കുന്ന ഫൈനല്‍ റൗണ്ടിലേക്കു യോഗ്യത നേടും.
ബിബി തോമസാണ് പരിശീലനത്തിനു നേതൃത്വം നല്‍കുന്നത്. സഹപരിശീലകന്‍ ഹാരി ബെന്നിയും ഗോള്‍കീപ്പിംഗ് കോച്ച് എം.വി. നെല്‍സണും ഒപ്പമുണ്ട്. ഇന്നലെ വൈകുന്നേരം ഗോകുലം കേരളയുമായി ടീം പരിശീലന മത്സരം നടത്തി.
ഏഴു തവണ ചാമ്പ്യന്മാരായ കേരളത്തിനു കഴിഞ്ഞ രണ്ട് സീസണിലും സെമിയില്‍ എത്താനായില്ല.