മുംബൈ: എസിസി ഏഷ്യ കപ്പ് അണ്ടർ 19 ഏകദിന ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിൽ മലയാളി ലെഗ് സ്പിന്നർ മുഹമ്മദ് ഇനാൻ ഇടംപിടിച്ചു.
ഓസ്ട്രേലിയയ്ക്കെതിരായ അണ്ടർ- 19 ടെസ്റ്റ്, ഏകദിന പരന്പരകളിൽ മികച്ച പ്രകടനം കാഴ്ചവച്ചതാണ് ഏഷ്യ കപ്പിനുള്ള ടീമിൽ ഇടംപിടിക്കാൻ ഇനാനു സഹായകമായത്. ഏകദിനത്തിൽ ആറും ടെസ്റ്റിൽ 16ഉം വിക്കറ്റ് ഓസ്ട്രേലിയൻ പര്യടനത്തിൽ ഇനാൻ നേടിയിരുന്നു.
ഷാർജയിലെ ക്രിക്കറ്റ് അക്കാഡമിയിൽ പരിശീലിക്കവെ പാക്കിസ്ഥാന്റെ എക്കാലത്തെയും മികച്ച സ്പിന്നർമാരിൽ ഒരാളായ സഖ്ലൈൻ മുഷ്താഖാണ് സ്പിന്നിലേക്ക് തിരിയാൻ പ്രേരിപ്പിച്ചത്. ഇന്ത്യയിലെ അവസരം മുതലെടുക്കാനായി തുടർന്നു നാട്ടിലേക്കെത്തി. തൃശൂർ മുണ്ടൂർ സ്വദേശികളായ ഷാനവാസ്-റഹീന ദന്പതികളുടെ മകനാണ്.
വൈഭവും ടീമിൽ
ഇനാനൊപ്പം ബിഹാർ അദ്ഭുതബാലനായ വൈഭവ് സൂര്യവൻഷിയും ഇന്ത്യൻ അണ്ടർ 19 ടീമിൽ ഇടം നേടിയിട്ടുണ്ട്. ഓസ്ട്രേലിയ അണ്ടർ 19ന് എതിരേ യൂത്ത് ടെസ്റ്റിൽ സെഞ്ചുറി നേടി, രാജ്യാന്തര വേദിയിൽ മൂന്നക്കം കാണുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്റർ എന്ന റിക്കാർഡ് കുറിച്ചിരുന്നു.
ഈ മാസം 29 മുതൽ യുഎഇയിലെ ഷാർജയിലും ദുബായിലുമാണ് പുരുഷ അണ്ടർ 19 ഏഷ്യ കപ്പ് അരങ്ങേറുക. 30നു ദുബായിൽ പാക്കിസ്ഥാനെതിരേയാണ് ഇന്ത്യയുടെ ആദ്യമത്സരം. ജപ്പാനും യുഎഇയുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ.