വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോണൾഡ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി കോൺഗ്രസിലെ ജനപ്രതിനിധിസഭയിലും ഭൂരിപക്ഷം നേടി.
435 അംഗ സഭയിൽ ഭൂരിപക്ഷത്തിനുവേണ്ട 218 സീറ്റുകൾ റിപ്പബ്ലിക്കന്മാർ ഉറപ്പിച്ചു. പ്രസിഡന്റ് ബൈഡന്റെ ഡെമോക്രാറ്റിക് പാർട്ടിക്ക് ഇതുവരെ 208 സീറ്റുകളാണ് ലഭിച്ചിട്ടുള്ളത്. ഒന്പതു സീറ്റുകളിലെ ഫലം വന്നിട്ടില്ല.
നവംബർ അഞ്ചിലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സെനറ്റിലും റിപ്പബ്ലിക്കന്മാർ ഭൂരിപക്ഷം നേടി. നൂറംഗ സെനറ്റിൽ റിപ്പബ്ലിക്കന്മാർക്ക് 53ഉം ഡെമോക്രാറ്റുകൾക്ക് 47ഉം സീറ്റുകളാണുള്ളത്.
കോൺഗ്രസിലെ ഇരുസഭകളിലും ഭൂരിപക്ഷം ലഭിച്ചത് ട്രംപിന്റെ ഭരണം അനായാസമാക്കും. കുടിയേറ്റം അടക്കമുള്ള വിഷയങ്ങളിൽ ട്രംപിന്റെ തീരുമാനം തടയാൻ ഡെമോക്രാറ്റുകൾക്കു കഴിയാതാകും.