ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് പസഫിക് സമുദ്രത്തിൽ കണ്ടെത്തി. തെക്കൻ പസഫിക്കിൽ സോളമൻ ദ്വീപുകളോടു ചേർന്ന് ആഴക്കടലിൽ വളരുന്ന പവിഴപ്പുറ്റിന് 34 മീറ്റർ വീതിയും 32 മീറ്റർ നീളവും 5.5 മീറ്റർ ഉയരവുമുണ്ട്. 300 കൊല്ലത്തെ പഴക്കം അനുമാനിക്കുന്നു.
നാഷണൽ ജ്യോഗ്രഫി ചാനലിന്റെ കാമറാമാനാണ് ഇതു കണ്ടെത്തിയത്. ആഗോളതാപനം പസഫിക്കിന്റെ വിദൂരപ്രദേശങ്ങളിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുള്ള നാഷണൽ ജ്യോഗ്രഫി പഠനത്തിനിടെ അവിചാരിതമായി പവിഴപ്പുറ്റ് ശ്രദ്ധയിൽപ്പെടുകയായിരുന്നു.
ആഗോളതാപനം മൂലം ലോകത്തിന്റെ മറ്റു ഭാഗത്തു പവിഴപ്പുറ്റുകൾ നേരിടുന്ന പ്രശ്നങ്ങൾ ഇതിനെ ബാധിച്ചിട്ടില്ല. വളരെ ആഴത്തിൽ വളരുന്നതുകൊണ്ടാകാം ഇതെന്നു കരുതുന്നു.
ചൂട് കൂടുതലുള്ള വെള്ളത്തിൽ വളരുന്ന പവിഴപ്പുറ്റുകളിൽ 44 ശതമാനവും നാശഭീഷണി നേരിടുന്നതായി അടുത്തിടെ പഠനങ്ങളിൽ കണ്ടെത്തിയിരുന്നു.