തിരുവനന്തപുരം: സിപിഎമ്മിന്റെ ജീവിക്കുന്ന രക്തസാക്ഷിയായ ഇ.പി. ജയരാജനെ പാർട്ടി തുടർച്ചയായ അവഗണനകളാൽ പീഡിപ്പിച്ച് ഇഞ്ചിഞ്ചായി കൊല്ലുകയാണെന്ന് കോൺഗ്രസ് മാധ്യമസമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്.എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിന്നു പുറത്താക്കിയ ജയരാജനെ എപ്രിലിൽ സിപിഎം പാർട്ടി കോൺഗ്രസിൽ കേന്ദ്ര കമ്മറ്റിയിൽ നിന്നും ഒഴിവാക്കുമെന്ന് ഉറപ്പാണ്.
പിണറായി കഴിഞ്ഞാൽ പാർട്ടിയിൽ ഏറ്റവും സീനിയറായ ഇ.പി.ജയരാജനെ തഴഞ്ഞാണ് കോടിയേരി ബാലകൃഷ്ണൻ, എ. വിജയരാഘവൻ, എം.വി.ഗോവിന്ദൻ എന്നിവരെ പാർട്ടി സംസ്ഥാന സെക്രട്ടറിമാരാക്കിയത്.
1980-ൽ ഡിവൈഎഫ്ഐ യുടെ പ്രഥമ പ്രസിഡന്റ് ആയ ജയരാജനെ ഒരിക്കൽ പോലും സിപിഎം പോളിറ്റ്ബ്യൂറോയിൽ ഉൾപ്പെടുത്തിയില്ല. കേരളത്തിൽ നിന്നുള്ള നിലവിലെ പിബി അംഗങ്ങളായ എം.എ.ബേബി, എം.വി.ഗോവിന്ദൻ എന്നിവർ ജയരാജനേക്കാൾ ജൂനിയറാണെന്നും ചെറിയാൻ ഫിലിപ്പ് പറയുന്നു.
പിണറായി വധശ്രമത്തിൽ വാടക കൊലയാളികൾക്ക് ഇരയായത് ജയരാജനാണ്. കഴുത്തിന് വെടിയേറ്റ ജയരാജൻ മുപ്പതു വർഷമായി ചികിത്സയിലാണ്. അസഹനീയമായ കഴുത്തു വേദനയും ശ്വാസതടസവും മൂലം ജയരാജന് ഉറങ്ങാൻ പോലും കഴിയുന്നില്ലെന്നും ചെറിയാൻ ഫിലിപ്പ് പറയുന്നു.
വിഎസ്-പിണറായി ചേരിപ്പോരിൽ പിണറായി പക്ഷത്തിന്റെ പ്രധാന പോരാളി ജയരാജനായിരുന്നു. ലാവലിൻ കേസിൽ സിബിഐ പിണറായി വിജയനെ പ്രതിയാക്കിയപ്പോൾ ‘പോടാ പുല്ലേ സിബിഐ’ എന്ന മുദ്രാവാക്യമാണ് ജയരാജൻ മുഴക്കിയത്. ദേശാഭിമാനിക്കു വേണ്ടി ജയരാജൻ രണ്ടു കോടി രൂപ വാങ്ങിയത് പാർട്ടി തീരുമാനപ്രകാരമായിരുന്നു. പ്രകാശ് ജാവേദ്ക്കറുമായി ജയരാജൻ കൂടിക്കാഴ്ച നടത്തിയത് പാർട്ടിക്കു വേണ്ടിയാണ്.
പാർട്ടിക്കുവേണ്ടി ജീവിതം ഹോമിച്ച ജയരാജൻ തന്റെ ആത്മദുഃഖം ജീവിത സായാഹ്നത്തിൽ ആത്മകഥയിൽ പ്രകടിപ്പിച്ചാൽ അതൊരു തെറ്റായി കാണാൻ ആർക്കും കഴിയില്ല. പക്ഷെ, സിപിഎം ഇപ്പോൾ ജയരാജനെ നക്കിയും ഞെക്കിയും കൊല്ലാനാണ് ശ്രമിക്കുന്നത്- ചെറിയാൻ ഫിലിപ്പ് പറഞ്ഞു.