പൊതുജനങ്ങളുടെ സഹകരണം കൊണ്ട് വൻവിജയമായ ചിന്ന ചിന്ന ആശൈ പദ്ധതി തുടരുമെന്ന് ജില്ലാ കളക്ടർ വി. വിഗ്നേശ്വരി. വയോജനങ്ങൾക്കുള്ള സഹായങ്ങളും പദ്ധതിയിലൂടെ ലഭ്യമാക്കുന്നതിന് ശ്രമിക്കും.
പദ്ധതി ആരംഭിച്ച് നാലു ദിവസംകൊണ്ട് 1080 കുട്ടികളുടെ ചുണ്ടുകളിൽ പുഞ്ചിരി വിരിയിക്കാൻ സാധിച്ചെന്നും കളക്ടർ പറഞ്ഞു. ജില്ലയിലെ വിവിധ ശിശുസംരക്ഷണ സ്ഥാപനങ്ങളിലുള്ള ആയിരത്തിലധികം കുട്ടികൾക്ക് വിവിധ സമ്മാനങ്ങൾ ലഭ്യമാക്കാൻ ജില്ലാ ഭരണകൂടം തയാറാക്കിയ പദ്ധതിയാണ് ചിന്ന ചിന്ന ആശൈ പദ്ധതി.
വനിതാ ശിശുവികസന വകുപ്പിനു കീഴിലുള്ള ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് പരിശോധിച്ച ശേഷമാണ് ചൈൽഡ് ഹോമുകളെ തെരഞ്ഞെടുത്തത്.വസ്ത്രങ്ങൾ, വാച്ചുകൾ, സ്കൂൾബാഗുകൾ, കുട, ഷൂസ്, സ്പോർട്സ് ഉപകരണങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിങ്ങനെ ഇരുപത്തിയേഴ് ഇനങ്ങളിലുള്ള കുട്ടികളുടെ ആഗ്രഹങ്ങളാണ് ജനങ്ങൾ സാധിച്ചുനൽകിയത്.
448 പേർ ഓണ്‍ലൈൻ ഇ കാർട്ടിലൂടെയും 274 പേർ ചൈൽഡ് ഹോമുകളിൽ നേരിട്ടും 189 പേർ കൊറിയർ മുഖേനെയും 169പേർ കളക്ടറേറ്റ്, താലൂക്കുകൾ എന്നിവിടങ്ങളിലെ കളക്ഷൻ സെന്റർ മുഖേനയും സമ്മാനങ്ങൾ എത്തിച്ചു.
ഇനി സമ്മാനങ്ങൾ നൽകണമെന്ന് ആഗ്രഹമുള്ളവർക്ക് ടെലിവിഷൻ, സൈക്കിൾ പോലെ ചൈൽഡ് ഹോമുകളിലെ കുട്ടികൾക്ക് പൊതുവായി ഉപയോഗിക്കാൻ കഴിയുന്നവ നേരിട്ട് എത്തിക്കാമെന്നും കളക്ടർ അറിയിച്ചു.