ബംഗളുരു: മാട്രിമോണി സൈറ്റുകളിലൂടെ സ്ത്രീകളുമായി പരിചയം സ്ഥാപിച്ചശേഷം ലക്ഷങ്ങൾ തട്ടുന്ന യുവാവ് പിടിയിൽ. കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ മച്ചഹള്ളി സ്വദേശി മധു ആണ് പിടിയിലായത്.
എട്ടു സ്ത്രീകളാണ് ഇയാളുടെ തട്ടിപ്പിനിരയായത്. ഇവരിൽനിന്ന് 62.83 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. ഇയാൾക്കെതിരേ പരാതികളുമായി കൂടുതൽ സ്ത്രീകൾ രംഗത്തുവരുമെന്നാണ് റിപ്പോർട്ട്.
മാട്രിമോണി സൈറ്റുകൾ വഴി വിവാഹ ആലോചനകൾക്കായി സ്ത്രീകളെ പരിചയപ്പെട്ട ശേഷം ഇവരുമായി പരിചയം സ്ഥാപിക്കുകയും ജോലി വാഗ്ദാനം ചെയ്യുകയുമായിരുന്നു. തുടർന്ന് വിവിധ കാര്യങ്ങൾക്കായി സ്ത്രീകളിൽനിന്നു പണം വാങ്ങി കടന്നുകളയുന്നതാണ് ഇയാളുടെ രീതി.
2019 ൽ ഇയാൾക്കെതിരേ പരാതി ലഭിച്ചിരുന്നെങ്കിലും ഇയാൾ ഒളിവിൽപ്പോയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.