ശബരിമല: ശബരിമലയില്‍ വൃശ്ചികപ്പുലരിയില്‍ ദര്‍ശനം കാത്ത് ഭക്തരുടെ നീണ്ടനിര. പുതുതായി ചുമതലയേറ്റ മേല്‍ശാന്തിമാരായ അരുണ്‍കുമാര്‍ നമ്പൂതിരി ശബരില ശ്രീധര്‍മശാസ്താ ക്ഷേത്ര നടയും വാസുദേവന്‍ നമ്പൂതിരി മാളികപ്പുറത്തും നട തുറന്നു. നിര്‍മാല്യദര്‍ശനം തൊഴുത് അയ്യപ്പപൂജകള്‍ സമര്‍പ്പിക്കാനെത്തിയവര്‍ ശരണം വിളികളോടെ അപ്പോഴേക്കും ശ്രീകോവിലിനു മുമ്പില്‍ തിരക്കു കൂട്ടി.
നെയ്യഭിഷേകം ഉള്‍പ്പെടെയുള്ളവയും പുലര്‍ച്ചെ ആരംഭിച്ചു. പുലര്‍ച്ചെ നട തുറക്കുമ്പോള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് മെംബര്‍മാരായ കെ. അജികുമാര്‍, സി.ജി. സുന്ദരേശന്, എക്സിക്യൂട്ടീവ് ഓഫീസര്‍ ബി. മുരാരി ബാബു, ദേവസ്വം കമ്മീഷണര്‍ വി. പ്രകാശ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ഉച്ചയ്ക്ക് ഒന്നിന് നട അടയ്ക്കും. പിന്നീട് മൂന്നിന് തുറക്കും. രാത്രി 11നാണു പിന്നീട് നട അടയ്ക്കുന്നത്. നട തുറന്ന ദിവസങ്ങളില്‍ ദര്‍ശനത്തിനായി വന്‍ തിരക്കാണുള്ളത്. വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഏറെക്കുറെ എല്ലാദിവസവും പൂര്‍ത്തിയായി. തത്സമയ ബുക്കിംഗിലൂടെ അയ്യപ്പഭക്തരെ കടത്തിവിടുന്നുണ്ട്.
പമ്പ, വണ്ടിപ്പെരിയാര്‍, എരുമേലി എന്നിവിടങ്ങളിലാണ് ഇതിനുള്ള സൗകര്യം. വെര്‍ച്വല്‍ ക്യൂവിലൂടെ പ്രതിദിനം 70,000 പേര്‍ക്കും തത്സമയ ബുക്കിംഗിലൂടെ 10,000 പേര്‍ക്കുമാണ് ദര്‍ശനം അനുവദിച്ചിട്ടുള്ളത്. ആധാര്‍ കാര്‍ഡിന്റെ കോപ്പി ഉപയോഗിച്ച് തത്സമയ ബുക്കിംഗ് നടത്താം.