തിരുവനന്തപുരം : തിരുവനന്തപുരം കോർപറേഷനിൽ വീണ്ടും ശുചീകരണ തൊഴിലാളികളുടെ ആത്മഹത്യ ഭീഷണിയും സമരവും. പെട്രോൾ കുപ്പികളുമായി കോർപറേഷൻ കവാടത്തിനു മുകളിൽ കയറി നാലു തൊഴിലാളികൾ ആത്മഹത്യ ഭീഷണി മുഴക്കി. ഇവരെ പിന്നീട് ഫയർഫോഴ്സ് ഉദോഗസ്ഥർ അനുനയിപ്പിച്ചു താഴെ എത്തിച്ചു.
വീടുകളിൽ നിന്നും മാലിന്യം നീക്കം ചെയ്യുന്നതി നെതിരെ കോർപറേഷന്റെ നടപടികളും വിലക്കും അവസാനിപ്പിക്കുക, നേരത്തെ പിടിച്ചെടുത്ത വാഹനങ്ങൾ തിരികെ നൽകുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. കഴിഞ്ഞ 43 ദിവസമായി സ്വകാര്യ ശുചീകരണ തൊഴിലാളികൾ കോര്പ്പറേഷന് മുന്നിൽ കുടിൽകെട്ടി സമരം നടത്തുകയാണ്.
ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്പേഴ്സൺ ഗായത്രി ബാബു ജാതി അധിഷേപം നടത്തിയെന്ന് സമരക്കാർ ആരോപിച്ചു. എന്നാൽ ഇത് വാസ്തവ വിരുദ്ധമാണെന്ന് ഗായത്രി ബാബു പ്രതികരിച്ചു. കോർപറേഷനിലെ ഹരിത കർമ സേന ആയി പ്രവർത്തിക്കാൻ ഇവരോട് ആവശ്യപ്പെട്ടിട്ട് അംഗീകരിക്കുന്നില്ലെന്ന് ഗായത്രി ബാബു പറഞ്ഞു.
തങ്ങൾ ഇടതു അനുകൂല തൊഴിലാളികൾ ആണെന്നാണ്സമരക്കാർ പറയുന്നത്. സമരത്തെ തുടർന്ന് പോലീസും കോർപറേഷൻ ഓഫീസിനു മുന്നിൽ എത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരു മാസക്കാലത്തിനിടെ നിരവധി തവണ സമരം നടക്കുകയാണ്. മന്ത്രി ഉൾപ്പെടെ നേരത്തെ ചർച്ച നടത്തിയെങ്കിലും ഫലപ്രദമായില്ലെന്നാണ് സമരക്കാർ പറയുന്നത്.