ആലപ്പുഴ: ആംഗ്യഭാഷയില്‍ സംസാരിക്കുന്നവര്‍ക്കായി ശാസ്ത്രമേളയില്‍ കുട്ടികള്‍ അവതരിപ്പിച്ച ഉപകരണം കണ്ട് ഇതേ വേദന അനുഭവിക്കുന്ന യുവാവിന്റെ സന്തോഷത്തില്‍ കണ്ടുനിന്നവരും പങ്കുചേന്നു. ഇന്നലെ രാവിലെയാണ് ശാസ്ത്രമേളയില്‍ വികാരനിര്ഭരമായനിമിഷങ്ങള് അരങ്ങേറിയത്. എറണാകുളം കളമശേരി രാജഗിരി ഹൈസ്കൂളിലെ ഋഗ്വേദ് മാനസ്, ജൊഹാന്‍ ബൈജു എന്നിവരാണ് ആംഗ്യഭാഷയില്‍ സംസാരിക്കുന്നവര്‍ക്കായി സൈന്‍ ലാംഗ്വേജ് ട്രാ്ന്സലേറ്റര് എഐ പവേര്‍ഡ് എന്ന് പേരിട്ടിരിക്കുന്ന ഉപകരണം പ്രദര്‍ശിപ്പിച്ചത്.
ആംഗ്യഭാഷയിലൂടെ സംസാരിക്കുന്നവരുടെ ഇരു കൈപ്പത്തികളുടെയും ചലനങ്ങള്‍ മനസിലാക്കി അത് സ്പീക്കറിലൂടെ കേള്‍പ്പിക്കുകയാണ് ചെയ്യുന്നത്. ആംഗ്യഭാഷയില്‍ അവര്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസിലാക്കാന്‍ മറ്റുള്ളവര്‍ക്ക് കഴിയുമെന്നതാണ് ഉപകരണത്തിന്റെ പ്രധാന നേട്ടം. ഇത് പ്രദര്‍ശിപ്പിക്കുമ്പോള്‍ അതുവഴി കടന്നുപോയ ജന്മനാ കേള്വികുറവുള്ള യുവാവിന്റെ ശ്രദ്ധയില്‍പെടുകയായിരുന്നു.
പത്തനംതിട്ട തിരുവല്ല പുറമമറ്റം ജിവിഎച്ച്എസ്എസിലെ ലാബ് അസിസ്റ്റന്റ് എസ്.ജോണ്ബോസ്കോ ആണ് കുട്ടികളുടെ കണ്ടുപിടുത്തം കണ്ട് സന്തോഷത്തോടെ കൈയടിച്ചത്. യുവാവ് കുട്ടികളോട് പലരീതിയില്‍ ആംഗ്യഭാഷയിലൂടെ സംശയങ്ങള്‍ ചോദിച്ചു. അതിനെല്ലാം കൃത്യമായ മറുപടി സ്പീക്കറിലൂടെ വന്നു. ജോണ്ബോസ്കോയും ഭാര്യ അനുകുമാരിയും ഇതേ ദുഖം അനുഭവിക്കുന്നവരാണ്. ആംഗ്യഭാഷയിലൂടെയാണ് ഇവരുടെ സംസാരം. കുട്ടികള്‍ നിര്‍മിച്ച ഉപകരണത്തില്‍ പ്രധാനം ഒരു ഗ്ലൗസാണ്.
ആംഗ്യഭാഷയിലൂടെ ആളുകള്‍ ഇരുകൈകളും ചലിപ്പിക്കുമ്പോള്‍ ആ സിഗ്നല്‍ തിരിച്ചറിഞ്ഞാണ് ശബ്ദമായി മാറുന്നത്. ഇരുകൈകളിലും ഗ്ലൗസ് ധരിക്കണം. ഇത് സെന്‍സറിലൂടെ സിസ്റ്റത്തിലെത്തിച്ചാണ് ശബ്ദത്തിലേക്ക് മാറ്റുന്നത്.
പൈതന്‍ ലാംഗ്വേജിലാണ് ഇതിന്റെ പ്രവര്‍ത്തനം. ആംഗ്യഭാഷയിലുള്ളവരുടെ ചലനങ്ങളിലൂടെ ഇംഗ്ളീഷ്, ഹിന്ദി, ജര്‍മന്‍ തുടങ്ങി അറുപതോളം ഭാഷകളില്‍ മൊഴിമാറ്റി ശ്രവിക്കാന്‍ കഴിയും. ഈ ഉപകരണം സ്റ്റാര്‍ട്ട് അപ്പ് ബിസിനസ് ആക്കി മാറ്റാനും ഉദ്ദേശിക്കുന്നതായി അവര്‍ പറഞ്ഞു.