കൊല്ലം: റെയിൽ ട്രാക്കുകളിലും പ്ലാറ്റ്ഫോമുകളിലും ഓടുന്ന ട്രെയിനുകളിലും ‘റീൽസ് ’ചിത്രീകരിക്കുന്നവർക്ക് ഇനി മുതൽ പിടിവീഴും. അനധികൃതമായി മൊബൈൽ ഫോണുകളിൽ ഇത്തരത്തിൽ വീഡിയോ രംഗങ്ങൾ ചിത്രീകരിക്കുന്നവർക്കെതിരേ കർശന നടപടികൾ എടുക്കാൻ റെയിൽവേ മന്ത്രാലയത്തിന്റെ സുരക്ഷാ വിഭാഗം എല്ലാ സോണുകൾക്കും അടിയന്തര നിർദേശം നൽകി.
എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാനാണ് റെയിൽവേ സംരഷണ സേനയ്ക്കും (ആർപിഎഫ്) ഗവൺമെന്റ് റെയിൽവേ പോലീസിനും (ജിആർപി) നിർദേശം ലഭിച്ചിട്ടുള്ളത്. ഇത്തരം റീൽസ് ചിത്രീകരണങ്ങൾ എല്ലാ പരിധികളും ലംഘിച്ചിരിക്കുകയാണ്. ഇവർ റെയിൽവേയുടെ സുരക്ഷാ സംവിധാനങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്നെന്നും നിർദേശത്തിൽ ചൂണ്ടിക്കാട്ടുന്നു.
വേഗത്തിൽ ഓടുന്ന ട്രെയിനുകളിൽ അതിസാഹസികമായ സ്റ്റണ്ട് രംഗങ്ങൾ നടത്തി ഇവർ നൂറു കണക്കായ യാത്രക്കാരെയും ഭീതിയുടെ മുൾമുനയിൽ നിർത്തുകയാണ്. ട്രെയിനുകൾക്ക് സമീപം നിന്ന് സെൽഫി എടുക്കുന്നതിനിടയിൽ ആളുകൾ മരിക്കുന്ന സംഭവങ്ങളും അനുദിനം വർധിച്ചു വരുന്നു.
എസ്.ആർ. സുധീർ കുമാർ