പാലക്കാട്: പാലക്കാട്ടെ വൃശ്ചിക കാറ്റിന് ഇന്ന് ആഞ്ഞുവീശാൻ ആവേശമേറെ. ഇന്നാണ് പാലക്കാട് നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് കൊടിയിറങ്ങുന്നത്. നാളെ നിശബ്ദപ്രചാരണം. 20നു പാലക്കാട് പോളിംഗ് ബൂത്തിലെത്തുന്പോൾ 27 നാൾ നീണ്ട പ്രചാരണത്തിന്റെയും ആരോപണ-പ്രത്യാരോപണങ്ങളുടെയും വിലയിരുത്തൽ ആർക്ക് അനുകൂലമാകുമെന്ന ആകാംക്ഷയിലാണു രാഷ്ട്രീയ കേരളം. മൂന്നു മുന്നണികൾക്കും പാലക്കാട്ടെ ജനവിധി അതിനിർണായകം.
രാഷ്ട്രീയ കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത അപ്രതീക്ഷിത ട്വിസ്റ്റുകൾക്കും പ്രവചനാതീതമായ രാഷ്ട്രീയ സമവാക്യങ്ങൾക്കും പുതിയ കൂട്ടുകെട്ടുകൾക്കും സാക്ഷ്യം വഹിച്ച ഒരു ഉപതെരഞ്ഞെടുപ്പ് കാലമാണ് കടന്നു പോകുന്നത്. പാലക്കാട്ടെ പ്രചാരണച്ചൂടും ആവേശവും വിവാദങ്ങളുമെല്ലാം കേരളമൊട്ടാകെ അലയടിച്ചിരുന്നു.
പരസ്യപ്രചാരണത്തിന്റെ ക്ലൈമാക്സ് ദിനമായ ഇന്ന് പുതിയ എന്ത് ട്വിസ്റ്റ് ആണ് പാലക്കാടിനെ കാത്തിരിക്കുന്നത് എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഒരു മാസത്തോളം നീണ്ടുനിന്ന പ്രചാരണം വൈകീട്ട് ആറിന് കൊട്ടിക്കലാശത്തോടെയാണ് സമാപിക്കുക. പ്രചാരണത്തിന്റെ അവസാന അടവുകൾക്കിടെ, മാറിനിന്നേക്കാവുന്ന വോട്ടുകൾകൂടി ഉറപ്പിക്കാനുള്ള തന്ത്രങ്ങളും മുന്നണികൾ പയറ്റുന്നു.
മൂന്ന് മുന്നണി സ്ഥാനാർഥികളുടെയും റോഡ് ഷോ ഉച്ചയ്ക്ക് ആരംഭിക്കും. എല്ലാ പ്രകടനങ്ങളും പാലക്കാട് സ്റ്റേഡിയം പരിസരത്താണ് സമാപിക്കുക. യുഡിഎഫ് സ്ഥാനാ൪ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ റോഡ് ഷോ ഉച്ചയ്ക്ക് രണ്ടിന് ഒലവക്കോട് നിന്ന് തുടങ്ങും. എൽഡിഎഫ് സ്ഥാനാർഥി ഡോ. പി. സരിന്റെ റോഡ്ഷോ വൈകീട്ട് നാലിന് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽനിന്നും ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാറിന്റെ റോഡ് ഷോ മേലാമുറി ജംഗ്ഷനിൽനിന്നുമാണ് തുടങ്ങുക.
പി. സരിൻ കോൺഗ്രസ് വിട്ട് ഇടത് സ്വതന്ത്ര സ്ഥാനാർഥിയായതും ബിജെപി വിട്ട് സന്ദീപ് വാര്യർ പ്രചാരണ ക്ലൈമാക്സിന് മണിക്കൂറുകൾക്കു മുമ്പ് കോൺഗ്രസ് ക്യാമ്പിലെത്തിയതും ഇരട്ടവോട്ട് വിവാദവും എല്ലാം ചേർന്ന് പാലക്കാടിനെ ശ്രദ്ധാകേന്ദ്രമാക്കിയിട്ടുണ്ട്. പാലക്കാട്ടെ ഇരട്ട വോട്ടിൽ നടപടി ആവശ്യപ്പെട്ട് ഇടത് മുന്നണി ഇന്നു രാവിലെ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. 2,700 ഓളം ഇരട്ട വോട്ടുകൾ പാലക്കാട് ഉണ്ടെന്നും ഇവ നീക്കം ചെയ്യണമെന്നുമാണ് ആവശ്യം.
ബിജെപി ജില്ലാ പ്രസിഡന്റ് ഹരിദാസൻ അടക്കമുള്ളവരുടെ വോട്ട് ചൂണ്ടിക്കാട്ടിയാണ് മാർച്ച്. അതേസമയം, ഇടത് സ്വതന്ത്ര സ്ഥാനാർഥി സരിൻ വ്യാജരേഖ ഹാജരാക്കിയാണ് വോട്ട് ചേർത്തതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. 2017ൽ പാലക്കാട് മണ്ഡലത്തിൽ വാങ്ങിയ വീട് ചൂണ്ടിക്കാട്ടിയാണ് സരിന്റെ പ്രതിരോധം.
ഉപതെരഞ്ഞെടുപ്പായതിനാൽ ദേശീയനേതാക്കളുടെ ഒഴുക്കു കുറവായിരുന്നെങ്കിലും സംസ്ഥാന നേതാക്കൾ നേരിട്ടെത്തിയാണു പ്രചാരണം കൊഴുപ്പിച്ചത്. രാഷ്ട്രീയ എതിരാളികൾക്കുനേരേ പരസ്പരം പ്രയോഗിച്ച ആരോപണങ്ങൾ പലപ്പോഴും തിരിച്ചടിക്കുന്ന കാഴ്ചയും പ്രചാരണത്തിനിടെ കണ്ടു. താമസസ്ഥലത്തു കയറിയുള്ള പോലീസ് പരിശോധനയും പാലക്കാടിനു മുൻ അനുഭവമില്ലാത്ത കാഴ്ചയായിരുന്നു.
സ്ഥാനാർഥിനിർണയം, കള്ളപ്പണം ട്രോളിവിവാദം, ഹോട്ടൽ റെയ്ഡ്, മറുകണ്ടംചാടൽ, വിവാദകത്തുകൾ, ഡീൽ വിവാദം, സ്പിരിറ്റ്, വ്യാജവോട്ട്, ഇരട്ടവോട്ട്, കൈകൊടുക്കൽ, കൈകൊടുക്കാതിരിക്കൽ, നേതാക്കളുടെ സാന്നിധ്യവും അസാന്നിധ്യവും, ആത്മകഥ, മുനന്പം വിഷയവുമടക്കം പാലക്കാട്ട് ചർച്ചചെയ്യാതെ പോയ വിഷയങ്ങൾ കുറവായിരുന്നു.
ഇതിനിടെ ചർച്ചയിൽ ഇടംപിടിച്ച ജനകീയവിഷയം നെല്ലുസംഭരണത്തിലെയും വിലവിതരണത്തിലെയും പാകപ്പിഴകൾ മാത്രം. ഈ മാസം 13ന് നടക്കേണ്ട ഉപെതെരഞ്ഞെടുപ്പ് കല്പാത്തി രഥോത്സവത്തിന്റെ പേരിലാണ് 20ലേക്കു മാറ്റിയത്. കനത്ത പോളിംഗ് തന്നെയാണു മൂന്നു മുന്നണികളും പ്രതീക്ഷിക്കുന്നത്. 23ന് വോട്ടെണ്ണൽ നടക്കും.