ശബരിമല: സന്നിധാനത്തെത്തുന്ന മുതിര്‍ന്ന അയ്യപ്പന്മാര്ക്കും മാളികപ്പുറങ്ങള്‍ക്കും കുഞ്ഞുങ്ങള്‍ക്കും അംഗപരിമിതര്‍ക്കും പ്രത്യേക പരിഗണന നല്കാന് നിര്‍ദേശം. വലിയ നടപ്പന്തലില്‍ ഒരു വരി അവര്‍ക്കായി ഒഴിച്ചിട്ടിട്ടുണ്ട്.
കൂടാതെ പതിനെട്ടാംപടി കയറിയെത്തുമ്പോള്‍ ഇവരെ ഫ്ളൈഓവര്‍ വഴിയല്ലാതെ നേരിട്ട് ദര്‍ശനത്തിന് അനുവദിക്കുന്നുണ്ട്. കൊച്ചുകുട്ടികള്‍ക്കൊപ്പം മുതിര്‍ന്ന ഒരാളെയും നേരിട്ട് ദര്‍ശനത്തിനായി കടത്തിവിടുന്നുമുണ്ട്.
സംഘമായി എത്തുന്ന ഭക്തര്‍ കൂട്ടം തെറ്റിപ്പോകുമോ എന്ന ഭയത്താല്‍ പലപ്പോഴും ഇങ്ങനെയുള്ള സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ മടിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
ചോറൂണിനുള്‍പ്പെടെ കൊച്ചുകുട്ടികളുമായി ഒട്ടേറെ ഭക്തരാണ് സന്നിധാനത്തിലെത്തുന്നത്. പതിനെട്ടാംപടി കയറുന്ന അവസരത്തിലും കുഞ്ഞുങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രായമായവര്‍ക്കും പോലീസ് ഇവര്‍ക്ക് പ്രത്യേക ശ്രദ്ധ നല്കുന്നു.
പതിനെട്ടാംപടിയില്‍ പരിചയ സമ്പന്നരായ പോലീസ് ഉദ്യോഗസ്ഥരെയാണ് ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്.
ഒരു മിനിട്ടില്‍ 80 പേരെയെങ്കിലും പടി കയറ്റിവിടുകയെന്നതാണ് ഇവരുടെ ചുമതല. തിരക്കും അപകടങ്ങളും ഒഴിവാക്കി പടി കയറാന്‍ സഹായിക്കുന്ന ജോലിയില്‍ ഓരോ 15 മിനിട്ടിലും പോലീസ് ഡ്യൂട്ടി മാറിക്കൊണ്ടേയിരിക്കും. വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്ത് എത്തുന്നവരായതിനാല്‍ ഓരോദിവസത്തെയും തിരക്ക് മുന്‍കൂട്ടി അറിയാനാകും. ഇതിലൂടെ നിയന്ത്രണ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കിയാണ് പോലീസ് നീങ്ങുന്നത്.
റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകള്‍
ശബരിമല: തീര്‍ഥാടകര്‍ക്ക് അടിയന്തര വൈദ്യ സഹായം ഒരുക്കാന്‍ ശബരിമല പാതയില്‍ കനിവ് 108ന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകള്‍ കൂടി വിന്യസിച്ചു.
സുസജ്ജമായ ആശുപത്രികള്‍ക്ക് പുറമേ പമ്പ മുതല്‍ സന്നിധാനം വരെയും കാനനപാതയിലുമായി 19 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍, ഓക്സിജന്‍ പാര്‍ലറുകള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.
ഇടുങ്ങിയ പാതകളില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ബൈക്ക് ഫീഡര്‍ ആംബുലന്‍സ്, ദുര്‍ഘട പാതകളിലൂടെ സഞ്ചരിക്കാന്‍ കഴിയുന്ന 4ഃ4 റെസ്ക്യു വാന്‍, ഐസിയു ആംബുലന്‍സ് എന്നിവയാണ് ശബരിമലയ്ക്കായി സജ്ജമാക്കിയത്.കനിവ് 108 ആംബുലന്‍സ് പദ്ധതിക്ക് കീഴില്‍ പമ്പ ആശുപത്രി കേന്ദ്രമാക്കിയാണ് റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്.