കോട്ടയം: ആലപ്പുഴയില്‍ കുറുവ സംഘമെത്തി നിരവധി മോഷണങ്ങള്‍ നടത്തിയതോടെ കോട്ടയം ജില്ല അതീവജാഗ്രതയില്‍. ആലപ്പുഴയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയിലെ പോലീസ് സ്റ്റേഷനുകള്‍ക്കു ജില്ലാ പോലീസ് ചീഫ് എ. ഷാഹുല്‍ ഹമീദ് ജാഗ്രതാനിര്‍ദേശം നൽകി.
ഇതിനു പുറമെ രാത്രികാല പെട്രോളിംഗ്, വാഹന പരിശോധന എന്നിവ ശക്തിപ്പെടുത്തണമെന്ന് എല്ലാ എസ്എച്ച്ഒമാര്‍ക്കും ജില്ലാ പോലീസ് ചീഫ് നൽകിയ ഉത്തരവില്‍ പറയുന്നു. ചങ്ങനാശേരി, തൃക്കൊടിത്താനം, ചിങ്ങവനം, കുമരകം, വൈക്കം, എന്നീ സ്റ്റേഷന് പരിധികളിലാണ് പ്രത്യേക പരിശോധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടത്താന്‍ ജില്ലാ പോലീസ് ചീഫ് നിര്‍ദേശിച്ചിരിക്കുന്നത്.
ആലപ്പുഴയില്‍ വിഹരിക്കുന്ന മോഷ്ടാക്കള്‍ കോട്ടയം ജില്ലയിലേക്കു കടക്കാനുള്ള സാധ്യത കൂടുതലാണ്. ഇതു മുന്നില്‍കണ്ടാണ് പോലീസ് കരുതല്‍നടപടികൾ സ്വീകരിച്ചിരിക്കുന്നത്. കുറുവ സംഘത്തില്‍പ്പെട്ടവര്‍ക്ക് ആലപ്പുഴ ജില്ലയിലെ ഒളിത്താവളത്തില്‍നിന്നു പോലും അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളിലെത്തി മോഷണം നടത്തി മടങ്ങാന്‍ സാധിക്കുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍.
ഏത് ഇരുട്ടിലും ഒളിച്ചിരിക്കും. വീടുകളില്‍ കയറി സ്വര്‍ണവും പണവും മോഷ്ടിക്കും. എതിര്‍ക്കാന്‍ ശ്രമിക്കുന്നവരെ ആക്രമിക്കും. ചിലപ്പോള്‍ ജീവനെടുക്കും. അക്രമകാരികളായ മോഷ്ടാക്കളാണ് കുറുവ സംഘം. അര്‍ധനഗ്നരായി, മുഖം മറച്ച്, ശരീരമാസകലം എണ്ണ തേച്ചെത്തുന്ന സംഘം മലയാളിക്ക് എന്നും പേടിസ്വപ്നമാണ്.
ആദ്യമായിട്ടല്ല ജില്ലയില്‍ കുറുവ സംഘം ഭീതിവിതയ്ക്കുന്നത്. മാസങ്ങള്‍ക്കുമുന്‍പ് കോട്ടയം അതിരമ്പുഴയില്‍ കുറുവ സംഘം എത്തിയതായി വാര്‍ത്തപരന്നിരുന്നു. അന്നു ആയുധങ്ങളുമായി അര്‍ധ നഗ്നരായി ചെറുക്കാര്‍ റോഡിലുടെ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്ന് ഉണര്‍ന്നു പ്രവര്‍ത്തിച്ച പോലീസ് പ്രദേശത്ത് രാത്രികാല പരിശോധന ഉള്‍പ്പെടെയുള്ളവ കാര്യക്ഷമമായി നടപ്പാക്കിയതോടെ പീന്നിട് മോഷണങ്ങള്‍ ഉണ്ടായില്ല.
നിരവധി മോഷങ്ങള്‍ നടത്തിയശേഷം കുറുവ സംഘം തിരുട്ടു ഗ്രാമത്തിലേക്കു മടങ്ങുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കടുത്തുരുത്തി, കല്ലറ പ്രദേശങ്ങളിലുണ്ടായ മോഷണത്തില്‍ കുറുവ സംഘത്തിനു പങ്കുള്ളതായി വിവരം ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.