വാരണാസി: “നിങ്ങൾ ഗർഭിണിയാണ്’- മൊബൈൽ ഫോണിൽ ലഭിച്ച സന്ദേശം വായിച്ച യുവതികൾ ഞെട്ടിപ്പോയി. കാരണം അവർ അവിവാഹിതരായിരുന്നു! ഒരു ഗ്രാമത്തിലെ 35ലേറെ അവിവാഹിതരായ യുവതികൾക്കാണു ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ട് മൊബൈലിൽ സന്ദേശം എത്തിയത്.
സന്ദേശം വന്നതാകട്ടെ സംസ്ഥാന സർക്കാരിന്റെ വനിത-മാതൃശിശു സംരക്ഷണ വകുപ്പിൽനിന്നും. ഉത്തർപ്രദേശിലെ വാരണാസിയിലെ രമണ ഗ്രാമത്തിലായിരുന്നു സംഭവം.
വിവാഹം കഴിക്കാതെ, പുരുഷനുമായി ബന്ധപ്പെടാതെ തങ്ങളെന്നെ ഗർഭിണിയായെന്ന് ആലോചിച്ച് യുവതികൾ ആശയക്കുഴപ്പത്തിലും കടുത്ത ആശങ്കയിലുമായി. സംഭവം ഗ്രാമത്തിലാകെ പരക്കുകയും പരാതി ഉയരുകയും ചെയ്തതോടെ വിശദമായ അന്വേഷണം നടന്നു.
ഉദ്യോഗസ്ഥ തലത്തിലുണ്ടായ പിഴവാണ് അവിവാഹിതരുടെ ഗർഭത്തിനു പിന്നിലെന്ന് ഒടുവിൽ കണ്ടെത്തി. വ്യത്യസ്ത ആവശ്യങ്ങൾക്കായി ശേഖരിച്ച ആധാർ കാർഡുകൾ മാറിപ്പോയതാണു പിഴവിനു കാരണമെന്നു മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി. അവർ യുവതികളോടു മാപ്പു പറയുകയും തെറ്റുപറ്റിയ രേഖകൾ നീക്കം ചെയ്യുകയും ചെയ്തു. ഉത്തരവാദികൾക്കെതിരേ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.