ദാഹിച്ച് വലഞ്ഞ് കിണറ്റിൻ കരയിലെത്തിയ കാക്കയുടെ കഥ നമുക്ക് എല്ലാവർക്കും പരിചിതമാണ്. കിണറിന്റെ കരയിലെത്തിയ കാക്ക വെള്ളം കുടിക്കാൻ തൊട്ടിയിൽ നോക്കിയപ്പോൾ അൽപം പോലും വെള്ളം അതിനുള്ളിലില്ല. ഉടൻതന്നെ കൊച്ചു കല്ലുകൾ കൊത്തി തൊട്ടിയിലേക്ക് ഇട്ടു. അപ്പോൾ വെള്ളം പൊങ്ങി വന്നു. കാക്ക അത് കുടിച്ച് ദാഹമകറ്റി പറന്നു പോയി എന്ന കഥ അറിയാത്തവർ ചുരുക്കമാണ്. എന്നാൽ ഇത് വെറുമൊരു കെട്ടുകഥയല്ല അതെന്ന് തെളിയിക്കുന്ന സന്ദർഭമാണ് ഇപ്പോൾ വൈറലാകുന്നത്.
ഒരു കാക്ക ഒരു കുപ്പിക്കരികിലായി ഇരിക്കുന്നതാണ് വീഡിയോയുടെ തുടക്കം. കുപ്പിയിൽ നിന്നും കാക്ക വെള്ളം കുടിക്കാനും ശ്രമിക്കുന്നുണ്ട്. എന്നാൽ കാക്കയ്ക്ക് വെള്ളം കുടിക്കാൻ സാധിക്കുന്നില്ല. ഉടൻതന്നെ കാക്ക പരിസരം വീക്ഷിച്ച് കുപ്പിയിലേക്ക് കല്ലെടുത്ത് ഇടുന്നത് വീഡിയോയിൽ കാണാം. ഒടുവിൽ, വെള്ളം പൊങ്ങി വരുമ്പോൾ അത് കുടിക്കാൻ ശ്രമിക്കുന്നു. ആദ്യത്തെ തവണ സാധിക്കുന്നില്ല. പിന്നെയും കല്ലുകൾ കൊത്തിയെടുത്ത് കുപ്പിയിലിട്ടു. ഒടുവിൽ കാക്ക കുപ്പിയിൽ നിന്നും വെള്ളം കുടിക്കുന്നതാണ് വീഡിയോ.
വീഡിയോ വൈറലായതോടെ നിരവധി ആളുകൾ കാക്കയെ പ്രശംസിച്ച് കമന്റ് ചെയ്തു. ‘കാക്കയും കുടവും’ എന്ന കെട്ടുകഥയുടെ ശരിക്കുള്ള തെളിവാണിത് എന്നാണ് വീഡിയോ കണ്ട പലരും അഭിപ്രായപ്പെട്ടത്.