വടശേരിക്കര: വാനരപ്പടയുടെ ശല്യം സഹിക്കവയ്യാതെ മുറ്റത്തും പറന്പിലും നിന്ന ഫലവൃക്ഷങ്ങളും തെങ്ങും മുറിച്ചുനീക്കി പ്രതിരോധിക്കുകയാണ് കർഷകനായ പി.കെ. കൊച്ചുമ്മൻ. മുറ്റത്തെ മരങ്ങളിൽ ഓടിച്ചാടി നടക്കുന്ന വാനരന്മാരുടെ ശല്യം വീടിനുള്ളിലേക്കുമായതോടെയാണ് ഇവയെ ഓടിക്കാൻ മറ്റു മാർഗമില്ലെന്നായപ്പോൾ മരങ്ങൾ മുറിച്ചു മാറ്റിയത്.
വടശേരിക്കര ബൗണ്ടറി പനയ്ക്കൽ പി.കെ. കൊച്ചുമ്മന്റെ പുരയിടത്തിൽനിന്ന് ഒരു കായ്ഫലവും കുരങ്ങുകൾ തരില്ലെന്നായി. നട്ടുവളർത്തിയ തെങ്ങിൽനിന്ന് തേങ്ങ കിട്ടാറില്ല. കരിക്ക് ആകുന്പോൾതന്നെ കുരങ്ങന്മാർ നശിപ്പിക്കും. നേരം പുലരുന്പോൾ പറന്പിലെത്തുന്ന കുരങ്ങുകൾ രാത്രിവരെ ഇവിടെയുണ്ടാകും. തെങ്ങിലും സമീപത്തെ റന്പുട്ടാൻ മരത്തിലുമൊക്കെയാണ് വാസം.
റന്പുട്ടാൻ പഴം ലഭിക്കാറില്ല. വല ഇട്ടാലും നശിപ്പിച്ചിരിക്കും. തെങ്ങുകൾ മുറിച്ചു മാറ്റിയും റന്പുട്ടാന്റെ ശിഖരങ്ങൾ കോതിയിറക്കിയുമാണ് കൊച്ചുമ്മൻ കുരങ്ങന്മാരെ പ്രതിരോധിച്ചത്. ഏറെ വേദനയോടെയാണ് ഇതു ചെയ്തതെന്ന് അദ്ദേഹം പറയുന്നു. കായ്ഫലമുള്ള തെങ്ങുകളാണ് മുറിച്ചു മാറ്റിയത്. ഇനി വീട്ടുമുറ്റത്തോടു ചേർന്ന് ഒരു തെങ്ങ് മാത്രമാണുള്ളത്.
അതാകട്ടെ ഫലം പ്രതീക്ഷിച്ചു നിർത്തിയതല്ല. ക്രിസ്മസ് കാലത്ത് നക്ഷത്രവും ലൈറ്റുകളുമിട്ട് അലങ്കരിക്കുന്ന പതിവുണ്ട്. അതിനായി നിർത്തിയിരിക്കുകയാണ്.വാഴ കുലയ്ക്കുന്നതോടെ അതിന്റെ സംരക്ഷണം വലിയ ബുദ്ധിമുട്ടാണ്. രണ്ട് ചാക്കുകൾക്കുള്ളിൽ പൊതിഞ്ഞ് വിളവാകുന്നതുവരെ സംരക്ഷിക്കുകയാണ് രീതി. മറ്റു കൃഷികളൊന്നും ചെയ്യാനാകുന്നില്ല. കാച്ചിലും പച്ചമുളകും മാത്രമാണ് ഇപ്പോൾ നടുന്നത്. റന്പുട്ടാനിൽ കാച്ചിൽ പടർത്തി വിടാനാണ് ആലോചിക്കുന്നത്. വഴുതന കൃഷി ചെയ്തതും പൂർണമായി നശിപ്പിച്ചു.
അവസരം കിട്ടിയാൽ വീടിനകത്തുവരെ കുരങ്ങുകൾ കയറും. കൂട്ടത്തോടെ എത്തുന്ന ഇവ ഉള്ളിൽക്കയറി ഭക്ഷണസാധനങ്ങൾ എടുത്തുകൊണ്ടുപോകും. കല്ലെറിഞ്ഞ് ഓടിച്ചാൽ പോലും ഭയമില്ലെന്നായിട്ടുണ്ട്. സ്ത്രീകൾക്കു നേരേ ചീറിയടുക്കാറുമുണ്ട്. തെങ്ങിൽനിന്ന് കരിക്ക് കുടിച്ചശേഷം ഓടിക്കാനെത്തുന്നവരെ എറിയുന്ന രീതിയുമുണ്ട്.
കാട്ടാനയും കാട്ടുപന്നിയും പുലിയുമൊക്കെ ബൗണ്ടറി ഭാഗത്ത് എത്താറുണ്ട്. കഴിഞ്ഞദിവസവും ഒരു പുലി കേഴയെ ഓടിച്ചുകൊണ്ടുപോകുന്നതു കണ്ടതായി കൊച്ചുമ്മൻ പറഞ്ഞു. കാട്ടുപന്നിയെ പ്രതിരോധിക്കാൻ നേരത്തേതന്നെ ടിൻഷീറ്റ് കൊണ്ട് വേലി തീർത്തിട്ടുണ്ട്.കർഷകരാണ് പ്രദേശത്ത് ഏറെയുള്ളത്.
ഇന്നിപ്പോൾ ആർക്കും കൃഷി ഇല്ലെന്നായി. കിഴങ്ങുവർഗ കൃഷി ഉപേക്ഷിച്ച് ഫലവർഗങ്ങളിലേക്ക് തിരിഞ്ഞതോടെയാണ് കുരങ്ങിന്റെ ശല്യം അതിരൂക്ഷമായത്. കശുമാവും റന്പുട്ടാനുമൊക്കെ നട്ടുപിടിപ്പിച്ചവർക്കു ഫലം ലഭിക്കാത്ത സ്ഥിതിയായി.