അമൃത്സർ: ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ തട്ടിപ്പ് നടത്തുന്ന സംഘത്തിലെ രണ്ടുപേരെ പഞ്ചാബ് പോലീസ് പിടികൂടി. അസം സ്വദേശികളായ രണ്ടുപേരാണ് പഞ്ചാബ് പോലീസ് സൈബർ ക്രൈം ഡിവിഷന്റെ പിടിയിലായത്. അസമിലെ കാംരുപ് സ്വദേശികളായ നസ്റുൽ അലി, മിദുൽ അലി എന്നിവരാണ് അറസ്റ്റിലായത്.
മുംബൈ സൈബർ ക്രൈം ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് തട്ടിപ്പുകാർ 76കാരനായ വയോധികനെ ഫോണിൽ വിളിച്ച് നിങ്ങൾ ഞങ്ങളുടെ കസ്റ്റഡിയിലാണെന്നു ഭീഷണിപ്പെടുത്തി 75 ലക്ഷത്തോളം രൂപ കവർന്നിരുന്നു.
വിരമിച്ച സർക്കാർ ഉദ്യോഗസ്ഥനായ ഇദ്ദേഹത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ടെന്നും പോലീസ് പറഞ്ഞു.