ന്യൂഡൽഹി: ഇന്ത്യയുടെ ഔദ്യോഗിക ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആർഒ വികസിപ്പിച്ച ജിസാറ്റ്- 20 വാർത്താവിനിമയ ഉപഗ്രഹത്തിന്റെ വിക്ഷേപണം വിജയം.
അമേരിക്കന്‍ ശതകോടീശ്വരനായ ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ചാണ് ജിസാറ്റ് 20 വിക്ഷേപിച്ചത്. ഫ്ളോറിഡയിലെ കേപ് കനാവറലിലുള്ള സ്പേസ് കോംപ്ലക്സ് 40 ൽ നിന്ന് ഇന്നു പുലർച്ചെ 12.01നായിരുന്നു വിക്ഷേപണം.
12.36ഓടെ മിഷൻ പൂർത്തീകരിക്കാനായി. വിദൂര പ്രദേശങ്ങളിൽ ബ്രോഡ്ബാൻഡ് സേവനങ്ങളും യാത്രാവിമാനങ്ങളിൽ ഇന്റർനെറ്റും നൽകുന്ന ഐഎസ്ആർഒയുടെ അത്യാധുനിക ആശയവിനിമയ ഉപഗ്രഹമാണ് ജിസാറ്റ് 20. ഇന്ത്യൻ മേഖലയിലുടനീളം ബ്രോഡ്ബാൻഡ് സേവനങ്ങളും ഇൻ-ഫ്ലൈറ്റ് കണക്റ്റിവിറ്റിയും മെച്ചപ്പെടുത്തുന്നതിനാണ് കൃത്രിമ ഉപഗ്രഹം സജ്ജീകരിച്ചിരിക്കുന്നത്.