കോഴിക്കോട്: മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെയും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെയും വിമർശനം ആസൂത്രിതമെന്ന വിലയിരുത്തലില്‍ മുസ് ലിം ലീഗ്. മുഖ്യമന്ത്രിക്കെതിരേ തുടര്‍ ദിവസങ്ങളില്‍ ആക്രമണം കൂടുതല്‍ ശക്തമാക്കാനാണ് ലീഗ് തീരുമാനം.
ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേക്കേറിയ സന്ദീപ് വാര്യര്‍ പാണക്കാട് എത്തിയതുമാത്രമല്ല മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും പ്രകോപിപ്പിച്ചതെന്നാണ് മുസ് ലിം ലീഗ് വിലയിരുത്തുന്നത്. മുസ് ലിം ലീഗിന്റെ മുന്നണി മാറ്റത്തിനായി ചില ചരടുവലികൾ സിപിഎമ്മിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു.
സമസ്തയിലെ ഒരുവിഭാഗത്തെയും ഇതിനായി സിപിഎം കൂട്ടുപിടിച്ചു. എന്നാൽ, ഇതിന് ശക്തമായ തടയിടുന്ന നിലപാടാണ് സാദിഖലി തങ്ങളുടെ ഭാഗത്തുനിന്നുണ്ടായത്. തുടർന്നാണ് സാദിഖലി തങ്ങളെ ഉന്നമിടുന്ന രീതിയിലേക്ക് സിപിഎം ചുവടുമാറ്റിയിരിക്കുന്നത്.സാദിഖലി തങ്ങൾക്കെതിരായ നീക്കത്തിനെതിരേ പാലക്കാട് ഉപതെരഞ്ഞെടുപ്പിന് ശേഷം ശക്തമായ പ്രതിരോധത്തിന് ഒരുങ്ങുകയാണ് ലീഗ്.
ലോക്സഭാതെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ഇടതുമുന്നണിക്കേറ്റ തിരിച്ചടിക്ക് കാരണമായത് മുസ് ലിം ലീഗ് നേതാക്കളും പ്രവര്‍ത്തകരും ശക്തമായി യുഡിഎഫിനൊപ്പം ഉറച്ചുനിന്നതുകൊണ്ടായിരുന്നു. പ്രത്യേകിച്ചും വടകര മണ്ഡലത്തില്‍ ഷാഫി പറമ്പിലിന്റെ വിജയത്തിന് കാരണമായത് മുസ് ലിം ലീഗ് പ്രവര്‍ത്തകരുടെ ആഹോരാത്ര പ്രവര്‍ത്തനമായിരുന്നു.
എല്‍ഡിഎഫ് അഭിമാന പോരാട്ടമായി കണ്ട മണ്ഡലത്തില്‍ ഏറ്റവും മികച്ച സ്ഥാനാര്‍ഥിയായ കെ.കെ. ശൈലജ വിജയിക്കുമെന്നായിരുന്നു നേതൃത്വം കരുതിയത്. എന്നാല്‍ കാഫിര്‍ പ്രയോഗത്തില്‍ ഉള്‍പ്പെടെ ലീഗ് പ്രവര്‍ത്തകരുടെ ഇടപെടല്‍ എല്‍ഡിഎഫിന് നല്‍കിയത് ശക്തമായ തിരിച്ചടിയാണ്.
തെരഞ്ഞെടുപ്പിനുശേഷം ലീഗിനെതിരേ തുടര്‍ ആക്ഷേപങ്ങളാണ് സിപിഎം നേതാക്കളില്‍നിന്ന് ഉണ്ടാകുന്നത്. അതില്‍ ഏറ്റവും അവസാനത്തേതാണ് സാദിഖലി തങ്ങള്‍ക്കെതിരേ ഉണ്ടായതെന്നാണ് ലീഗ് നേതൃത്വം കരുതുന്നത്.
വടകര ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ കാഫിർ സ്ക്രീൻഷോട്ട് പുറത്തുവിട്ട് ധ്രുവീകരണ രാഷ്ട്രീയം കളിച്ചതിന് സമാനമാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പാണക്കാട് തങ്ങൾക്കെതിരായ പരസ്യ വിമർശനത്തിന് പിന്നിലെന്നാണ് കോൺഗ്രസ് നേതൃത്വവും വ്യക്തമാക്കുന്നത്.