ദിവസവും എട്ട് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യാൻ ആർക്കും സാധിക്കില്ല. കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും ജോലി എന്നാണ് മിക്ക കന്പനികളും പറയാറുള്ളത്. ഇപ്പോഴിതാ ആഴ്ചയിൽ 84മണിക്കൂർ ജോലി ചെയ്യണമെന്ന് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് പുലിവാല് പിടിച്ചിരിക്കുകയാണ് AI സ്റ്റാർട്ടപ്പ് ഗ്രെപ്റ്റൈലിന്റെ ഇന്ത്യൻ വംശജനായ സിഇഒ ദക്ഷ് ഗുപ്ത.
പോസ്റ്റ് പങ്കുവച്ചതിനു പിന്നാലെ നിരവധി ആളുകളാണ് അദ്ദേഹത്തെ വിമർശിച്ച് രംഗത്തെത്തിയത്. അതോടെ മറ്റൊരു പോസ്റ്റുമായി ഇയാൾ വീണ്ടും വന്നു. നിരവധിയാളുകളിൽ നിന്ന് തനിക്ക് ഇ-മെയിലിൽ വധഭീഷണി സന്ദേശങ്ങൾ ലഭിച്ചു എന്നാണ് ഇപ്പോൾ ദക്ഷ് ഗുപ്തയുടെ മറ്റൊരു പോസ്റ്റ്.
ഇമെയിലിൽ ലഭിച്ച സന്ദേശങ്ങളിൽ 20 ശതമാനം തനിക്ക് വധഭീഷണി ഉയർത്തുന്നതും 80 ശതമാനം ജോലിക്കുള്ള അപേക്ഷകളും ആയിരുന്നു എന്നാണ് ഗുപ്ത പറയുന്നത്. ഗ്രെപ്റ്റൈലിലെ ജീവനക്കാർ സാധാരണയായി രാവിലെ 9 മുതൽ രാത്രി 11 വരെയോ അതിൽ കൂടുതൽ സമയമോ ജോലി ചെയ്യാറുണ്ടെന്ന് ഗുപ്ത പങ്കുവച്ചു. അതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ അദ്ദേഹത്തെ പൊങ്കാല ഇട്ടത്.