കോഴിക്കോട്: ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യര്‍ സമസ്ത പ്രസിഡന്റ് സയിദ് ജിഫ്രി മുത്തുക്കോയ തങ്ങളെ ഇന്നു രാവിലെ വീട്ടിലെത്തി സന്ദര്‍ശിച്ചു. സമസ്ത നേതൃത്വം നല്കുന്ന സുപ്രഭാതം പത്രത്തില്‍ യുഡിഎഫിനെ പ്രതിസന്ധിയിലാക്കി മുസ് ലിംങ്ങള്ക്കെതിരായ തന്റെ പഴയ പോസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള പരസ്യം എൽഡിഎഫ് കൊടുത്തതിന്റെ പശ്ചാത്തലത്തിലായിരുന്നു സന്ദർശനം.
മലപ്പുറം കിഴിശേരിയിലുള്ള തങ്ങളുടെ വീട്ടിലെത്തിയാണ് സന്ദീപ് വാര്യര്‍ കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യന്‍ ഭരണഘടനയുയുടെ പകര്‍പ്പ് അദ്ദേഹം ജിഫ്രി തങ്ങള്‍ക്കു കൈമാറി. ഇന്നലെയാണ് സന്ദീപ് വാര്യരുടെ പഴയ നിലപാടുകള്‍ തുറന്നുകാട്ടി സുപ്രഭാതം, സിറാജ് പത്രങ്ങളില്‍ ഇടതുമുന്നണി പരസ്യം നല്‍കിയത്.
ബിജെപി നേതാവായിരിക്കെ സന്ദീപ് മുസ് ലിംങ്ങള്ക്കെതിരേ നടത്തിയ പ്രസ്താവനകളും പ്രസംഗങ്ങളും ഉള്‍പ്പെടുത്തിയായിരുന്നു പരസ്യം. സമസ്തയുടെ സേവനങ്ങള്‍ കേരള ചരിത്രത്തില്‍ സുവര്‍ണ ലിപികളില്‍ രേഖപ്പെടുത്തുന്നതാണെന്നും സമസ്ത കേരളത്തിലെ സുര്യ തേജസാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
അദ്ദേഹത്തിന്റെ അനുഗ്രഹം മുന്നോട്ടുള്ള പ്രയാണത്തില്‍ ആവശ്യമാണ്. ഇവരൊക്കെ പ്രകാശഗോപുരങ്ങളാണ്. അത്തരം ആളുകളെ രാഷ്ട്രീയ വിദ്യാര്‍ഥികള്‍ എന്ന നിലയ്ക്ക് കാണുക അനുഗ്രഹം വാങ്ങുക എന്നതൊക്കെ നല്ല കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
മതസൗഹാര്‍ദത്തിനു ഊന്നല്‍ നല്കുന്ന സംഘടനയാണ് സമസ്തയെന്ന് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. വിഭാഗീയത വളര്‍ത്താന്‍ സമസ്ത ഒരിക്കലും ശ്രമിച്ചിട്ടില്ല. തുറന്ന പുസ്തകമാണ് സമസ്തയുടെ ചരിത്രം. പത്രത്തില്‍ ആര് പരസ്യം തന്നാലും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു