ബംഗളൂരു: രാജ്കുമാർ റോഡ് നവരംഗ് ജംക്ഷനിലെ ഇലക്ട്രിക് വാഹന ഷോറൂമിന് തീപിടിച്ച് ജീവനക്കാരി വെന്തുമരിച്ചു. സ്ഥാപനത്തിലെ കാഷ്യർ ആയ പ്രിയ (20) ആണ് മരിച്ചത്.
45 ഇരുചക്ര വാഹനങ്ങൾ കത്തിനശിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വൈദ്യുതി ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപടർന്നതെന്നാണ് പ്രാഥമിക നിഗമനം.
തീപിടിത്തമുണ്ടായപ്പോൾ ഷോറൂമിൽ ആറു ജീവനക്കാരാണുണ്ടായിരുന്നത്. ഈ സമയം പ്രിയ കാഷ്യർ റൂമിലായിരുന്നു. കനത്ത പുകയും തീയും കാരണം പ്രിയയ്ക്ക് പുറത്തിറങ്ങാൻ സാധിച്ചില്ല.
അഗ്നിരക്ഷാസേനയെത്തിയാണ് പ്രിയയുടെ മൃതദേഹം പുറത്തെടുത്തത്. സംഭവശേഷം ഒളിവിൽ പോയ ഷോറൂം ഉടമയ്ക്കെതിരേ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.