കർണാടക: കുന്താപുരത്തിന് സമീപം ദേശീയപാതയിൽ കണ്ടെയ്നർ ലോറി ഇന്നോവ കാറിലിടിച്ചു മറിഞ്ഞ് പയ്യന്നൂർ സ്വദേശികളായ ഏഴു പേർക്ക് ഗുരുതരപരിക്ക്. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. കൊല്ലൂർ മൂകാംബികയിലേക്കു പോവുകയായിരുന്ന പയ്യന്നൂർ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.
തായിനേരി സ്വദേശികളായ നാരായണൻ, വത്സല, മധു, അനിത, അന്നൂർ സ്വദേശികളായ ഭാർഗവൻ, ചിത്രലേഖ എന്നിവരും ഡ്രൈവർ ഫാസിലുമാണ് ഇന്നോവയിൽ ഉണ്ടായിരുന്നത്. എല്ലാവരെയും മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവർക്കും ഗുരുതരമായി പരിക്കേറ്റു.
കുന്താപുരത്തിന് സമീപം കുംഭാശി എന്ന സ്ഥലത്തുള്ള ദുർഗാപരമേശ്വരി ക്ഷേത്രത്തിലേക്കു പോകാനായി കാർ തിരിച്ചപ്പോൾ എതിരേവന്ന ലോറി ഇടിക്കുകയായിരുന്നു.ഗോവയിൽനിന്ന് മത്സ്യം കയറ്റിവന്ന കണ്ടെയ്നർ ലോറിയാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പാടേ തകർന്നു.