അടൂർ: ഏനാത്ത് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് വിഷം കഴിച്ച നിലയിൽ. പുതുശേരി ഭാഗം ഹരീഷ് ഭവനിൽ ഹരീഷാണ് (37) ആത്മഹത്യാ ശ്രമം നടത്തിയത്.
യുവതിയെ വീട്ടിൽ കയറി വെട്ടി പരിക്കേല്പിച്ച കേസിൽ കസ്റ്റഡിയിലെടുത്ത ഹരീഷിന് വൈദ്യപരിശോധനയ്ക്കായി അടൂർ ഗവ. ആശുപത്രിയിൽ കൊണ്ടുവന്നപ്പോൾ വിഷം കഴിച്ചതായാണ് പറയുന്നത്. ഗുരുതരാവസ്ഥയിലായ യുവാവിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച പുലർച്ചെ 2.30-ന് ഏഴംകുളം കുതിരമുക്ക് ഭാഗത്തുനിന്നാണ് ഏനാത്ത് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. പുലർച്ചെ 4.30 ഓടെ വൈദ്യ പരിശോധനയ്ക്കായി അടൂർ ജനറൽ ആശുപത്രിയിൽ പോലീസ് എത്തിച്ചു.രക്തസമ്മർദം കൂടുതലായതിനാൽ അരമണിക്കൂർ നിരീക്ഷണത്തിൽ കിടത്തി. തുടർന്ന് പോലീസ് ഇയാളെ ഏനാത്ത് സ്റ്റേഷനിലെത്തിച്ചു.
കുറച്ചു സമയത്തിനു ശേഷം ഹരീഷ് ഛർദ്ദിക്കാൻ തുടങ്ങിയതോടെ വീണ്ടും ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് വിഷം കഴിച്ചതായി ഇയാൾ ഡോക്ടറോട് പറഞ്ഞത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ചുവച്ചിരുന്ന വിഷം ഇയാൾ ആദ്യം ആശുപത്രിയിൽ എത്തിച്ചപ്പോൾ നിരീക്ഷണമുറിയിലെ കൈ കഴുകുന്ന ഭാഗത്തുവച്ച് കഴിച്ചു എന്നാണ് പറയുന്നത്. കഴിഞ്ഞ 15നാണ് സ്ത്രീയെ ഇയാൾ ആക്രമിച്ചത്.