ഹൈദരാബാദ്: ഐ ലീഗ് ഫുട്ബോൾ 2024-25 സീസണിന് ഇന്നു കിക്കോഫ്. വൈകുന്നേരം 4.30നു നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കേരളത്തിന്റെ സ്വന്തം ക്ലബ്ബായ ഗോകുലം കേരള എഫ്സി തെലങ്കാനയിൽനിന്നുള്ള ശ്രീനിധി ഡെക്കാണിനെ നേരിടും.
ശ്രീനിധിയുടെ ഹോം ഗ്രൗണ്ടായ ഡെക്കാണ് അരീനയിലാണ് മത്സരം. ഐ ലീഗ് ചാന്പ്യന്മാരായി അടുത്ത സീസണിൽ ഐഎസ്എല്ലിൽ കളിക്കുക എന്ന മോഹവുമായാണ് ഗോകുലം കേരള എഫ്സി ഇറങ്ങുന്നത്.
2023-24 സീസണിൽ രണ്ടും മൂന്നും സ്ഥാനക്കാരായിരുന്നു ശ്രീനിധിയും ഗോകുലം കേരളയും. കഴിഞ്ഞ തവണത്തെ ചാന്പ്യന്മാരായ മുഹമ്മദൻ എസ്സി സ്ഥാനക്കയറ്റം സ്വന്തമാക്കി ഇന്ത്യൻ സൂപ്പർ ലീഗിലേക്കു (ഐഎസ്എൽ) പ്രവേശിച്ചു.
2024-25 ഐ ലീഗിലേക്ക് രണ്ടു ടീമുകൾ എത്തുന്നുണ്ട്. ഐ ലീഗ് രണ്ടിൽനിന്നു സ്ഥാനക്കയറ്റം സ്വന്തമാക്കിയ സ്പോർട്ടിംഗ് ബംഗളൂരു, ഡെംപൊ ഗോവയും ഇത്തവണ മത്സര രംഗത്തുണ്ട്. ഇന്നു നടക്കുന്ന രണ്ടാം മത്സരത്തിൽ ഉത്തർപ്രദേശിൽനിന്നുള്ള ഇന്റർ കാശി സ്പോർട്ടിംഗ് ബംഗളൂരുവിനെ നേരിടും.