ദ ഹേഗ്: ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, അദ്ദേഹത്തിന്റെ മുൻ പ്രതിരോധമന്ത്രി യൊവാവ് ഗാലന്റ് എന്നിവർക്കും ഹമാസ് ഭീകരസംഘടനയുടെ കമാൻഡർ മുഹമ്മദ് ദെയിഫിനും (ഇബ്രാഹിം അൽ മസ്രി) എതിരേ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. യുദ്ധക്കുറ്റങ്ങൾ, മാനവരാശിക്കെതിരായ കുറ്റങ്ങൾ എന്നിവയുടെ പേരിലാണിത്.
ഗാസ നിവാസികളെ പട്ടിണിക്കിടുന്നതിലും പലസ്തീൻ ജനതയെ പീഡിപ്പിക്കുന്നതിലും നെതന്യാഹുവിനും ഗാലന്റിനും ക്രിമിനൽ ഉത്തരവാദിത്വമുണ്ടെന്ന് മൂന്നംഗ ജഡ്ജിമാരുടെ പാനൽ ഐകകണ്ഠ്യേന വിലയിരുത്തി.
ഗാസ യുദ്ധത്തിനു കാരണമായ 2023 ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിന്റെ പേരിലാണ് മുഹമ്മദ് ദെയിഫിനെതിരേ വാറന്റ്. ഇയാളെ വധിച്ചതായി ഇസ്രയേൽ അവകാശപ്പെടുന്നുണ്ടെങ്കിലും ഹമാസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇയാൾ മരിച്ചുവെന്നു സ്ഥിരീകരിക്കാൻ പ്രോസിക്യൂഷന് കഴിയാത്ത സാഹചര്യത്തിലാണ് വാറന്റെന്ന് ഐസിസി വിശദീകരിച്ചു.
ഐസിസി ചീഫ് പ്രോസിക്യൂട്ടർ കരീം ഖാൻ മേയ് 20നാണ് ഇസ്രേലി, ഹമാസ് നേതൃത്വത്തിനെതിരേ അറസ്റ്റ് വാറന്റ് ആവശ്യപ്പെട്ടത്. ഹമാസ് നേതാക്കളായ ഇസ്മയിൽ ഹനിയ, യഹ്യ സിൻവർ എന്നിവർക്കെതിരേയും വാറന്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും പിന്നീട് ഇവർ കൊല്ലപ്പെട്ടു.
അതേസമയം, നെതന്യാഹുവിനും ഗാലന്റിനും എതിരേ അറസ്റ്റ് നടപടികളുണ്ടാകാൻ സാധ്യതയില്ല. അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കു സ്വന്തമായി പോലീസ് ഇല്ല. ഐസിസിയിൽ അംഗങ്ങളായ 124 രാജ്യങ്ങളാണ് അറസ്റ്റ് നടപ്പാക്കണോ എന്നു തീരുമാനിക്കുന്നത്. ഇസ്രയേലും അമേരിക്കയും ഐസിസിയിൽ അംഗങ്ങളല്ല. ഐസിസി തീരുമാനം യഹൂദവിരുദ്ധതയാണെന്ന് ഇസ്രേലി പ്രധാനമന്ത്രിയുടെ ഓഫീസ് അപലപിച്ചു.
യുക്രെയ്ൻ യുദ്ധക്കുറ്റങ്ങളുടെ പേരിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെതിരേ ഐസിസി മുന്പ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുള്ളതാണ്. ഐസിസി അംഗമായ മംഗോളിയ പുടിൻ സന്ദർശിച്ചെങ്കിലും അറസ്റ്റുണ്ടായില്ല.