ബാങ്കോക്ക്: ചൂതാട്ടത്തിനുള്ള പണം കണ്ടെത്താനായി ഉറ്റ സുഹൃത്ത് അടക്കം പന്ത്രണ്ടിലേറെ പേരെ സയനൈഡ് ഉപയോഗിച്ച് കൊലപ്പെടുത്തിയ വനിതാ സീരിയൽ കില്ലർക്ക് തായ് ലൻഡിൽ വധശിക്ഷ.
സരാരത്ത് രംഗ്സിവുതാപോൺ എന്ന യുവതിക്കാണു കോടതി തൂക്കുകയർ വിധിച്ചത്. ചൂതാട്ടത്തിന് അടിമയായിരുന്ന യുവതി കടം വീട്ടാനുള്ള പണം കണ്ടെത്താനായാണ് കൊലപാതകങ്ങളും മോഷണവും നടത്തിയത്. ഭക്ഷണത്തിലും മദ്യത്തിലും സയനൈഡ് കലർത്തിയായിരുന്നു കൊലപാതകങ്ങൾ.
കഴിഞ്ഞവർഷം ഉറ്റ ചങ്ങാതിയെ ഭക്ഷണത്തിൽ സയനൈഡ് കലർത്തി കൊലപ്പെടുത്തിയായിരുന്നു തുടക്കം. ഇതിന് പിന്നാലെ സുഹൃത്തിന്റെ നാല് ലക്ഷത്തിലേറെ വില വരുന്ന സ്ഥലവും ഇവർ സ്വന്തമാക്കി. കടം നൽകിയ പണം തിരികെ ചോദിച്ചതിനായിരുന്നു ഈ കൊലപാതകം. ഇതുമായി ബന്ധപ്പെട്ട് സംശയത്തിന്റെ പേരിൽ ഇവരെ കഴിഞ്ഞ മേയ് മാസത്തിൽ അറസ്റ്റ് ചെയ്യുമ്പോൾ ഇവർ ഗർഭിണിയായിരുന്നു.
രാജ്യമാകെ കേസ് ചർച്ചയായതോടെ ഇവരുമായി ബന്ധപ്പെട്ട് അസാധാരണ സാഹചര്യത്തിൽ മരിച്ചവരുടെ കേസുകൾ പരിശോധിച്ചതോടെയാണു കൊലപാതക പരന്പര പുറത്തുവന്നത്.
സിരിപോൺ ഖാൻവോംഗ് എന്ന യുവതിയെയാണ് സരാരത്ത് അവസാനമായി കൊലപ്പെടുത്തിയത്. സരാരത്ത് വിഷം നൽകിയെങ്കിലും കഷ്ടിച്ച് രക്ഷപ്പെട്ട ഒരു യുവതി സരാരത്തിനെതിരേ മൊഴി നൽകിയിരുന്നു.