തികച്ചും യാദൃച്ഛികമായി, ഞാൻ ജോജു ജോർജിന്റെ “പണി’കണ്ടു. ഒരുപക്ഷേ, ഈ സിനിമയെക്കുറിച്ചുള്ള വിവിധ കമന്റുകളാണ് എന്നെ കാണാൻ പ്രേരിപ്പിച്ചത്. എന്തായാലും, അതെല്ലാം അതിന്റെ വഴിക്കു പോട്ടെ. എന്നെ അദ്ഭുതപ്പെടുത്തിയത്, കരയിലേക്ക് അടിച്ചുകയറിയ തിരമാലയുടെ കുതിപ്പുപോലെ ഒരു ഉദ്വേഗം മുഴുനീളത്തിൽ സൃഷ്ടിക്കാൻ കഴിഞ്ഞു എന്നതാണെന്ന് സംവിധാകൻ ഭദ്രൻ.
പ്രിയ ജോജു… ജോസഫും , നായാട്ടും കണ്ടിട്ട് ഞാൻ ഒരിക്കൽ പറഞ്ഞിരുന്നു: മലയാളത്തിന്റെ അനശ്വരനായ സത്യന് ശേഷം ഭാവങ്ങൾക്കായി കണ്ണുകൾ സൂക്ഷ്മതയോടെ ഉപയോഗിക്കുന്ന നടനാണ് നിങ്ങൾ എന്ന്. മധുരം സിനിമയിൽ താങ്കളുടെ പ്രണയാതുര ഭാവങ്ങൾ കണ്ടപ്പോൾ, എനിക്ക് ഒരിക്കൽ കൂടി മറ്റൊരു സ്ത്രീയെ പ്രണയിക്കാൻ തോന്നാതിരുന്നില്ല.
കരിവീട്ടിയുടെ ഉശിരും, സർപ്പത്തിന്റെ കണ്ണിലെ കൂർമതയും ഒരുപോലെ ഉപയോഗിക്കുന്ന അപൂർവം നടന്മാരിൽ നിങ്ങളും ഉണ്ട്. വേഷങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ഒന്ന് സൂക്ഷിച്ചാൽ, സ്കൈ ഈസ് യുവർ ലിമിറ്റ് എന്ന് ഭദ്രൻ പറഞ്ഞു.