പയ്യന്നൂര്‍: വനിതാ പോലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കാസര്‍ഗോഡ് ചന്തേര പോലീസിലെ വനിതാ സിപിഒ കരിവെള്ളൂര്‍ പലിയേരിയിലെ പി. ദിവ്യശ്രീയെ (35) വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലാണ് ഭര്‍ത്താവ് കൊഴുമ്മല്‍ സ്വദേശി കുന്നുമ്മല്‍ രാജേഷിനെ(41) പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ പുതിയതെരുവിലെ ബാറിൽനിന്നാണ് പ്രതിയെ പിടികൂടിയത്.
ഇന്നലെ വൈകുന്നേരം 5.45 ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. കുറച്ചുനാളുകളായി തമ്മിലകന്നു കഴിയുന്ന ഇവര്‍ വിവാഹ മോചനത്തിനായി അപേക്ഷ നല്‍കിയിരുന്നു. ഇന്നലെ ദിവ്യശ്രീയുടെ പലിയേരിയിലെ വീട്ടിലെത്തിയ രാജേഷ് ദിവ്യശ്രീയുടെ ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ചശേഷം വെട്ടിവീഴ്ത്തുകയായിരുന്നു. സംസാരിക്കാനെന്നുപറഞ്ഞ് വീട്ടില്‍നിന്നു വിളിച്ചിറക്കിയശേഷമായിരുന്നു ആക്രമണം.
തടയാനെത്തിയ ദിവ്യശ്രീയുടെ പിതാവ് വാസുവിനും വെട്ടേറ്റു. ഒച്ചകേട്ട് ആളുകളെത്തുമ്പോഴേക്കും രാജേഷ് വെട്ടാനുപയോഗിച്ച വടിവാളുമായി ബൈക്കുപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ദേഹമാസകലം വെട്ടേറ്റ ദിവ്യശ്രീയെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു. വെട്ടേറ്റ വാസുവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭാര്യയെ അതിക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതി നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും സംഭവസ്ഥലത്തുനിന്നും ഓടിരക്ഷപ്പെടുകയായിരുന്നു. നാട്ടുകാര്‍ വിരമറിയിച്ചതിനെത്തുടര്ന്ന് പോലീസ് സ്ഥലത്തെത്തി. സ്ഥലത്തെത്തിയ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് പ്രതിയുടെ ഫോട്ടോ സഹിതം എല്ലാ പോലീസ് സ്റ്റേഷനിലേക്കും പയ്യന്നൂര്‍ പോലീസ് വിവരം കൈമാറി.
കണ്ണൂര്‍ ബസ്സ്റ്റാൻഡിലെത്തിയ എല്ലാ ബസുകളിലും പ്രതിയുടെ ഫോട്ടോ കാണിച്ചുള്ള അന്വേഷണത്തിനിടയിലാണ് ഫോട്ടോയുമായി സാമ്യമുള്ള ഒരാള്‍ പുതിയതെരുവിലിറങ്ങിയതായുള്ള സൂചന ലഭിച്ചത്. ഇതേതുടര്‍ന്ന് സൈബര്‍ സെല്ലിന്റെ പരിശോധനയില്‍ പുതിയതെരുവിലെ ബാറാണ് ലൊക്കേഷന്‍ കണ്ടെത്തിയത്.
ഇതുമനസിലാക്കിയ വളപട്ടണം പോലീസ് രാത്രി 8.45 ഓടെ ബാറിലെത്തി മദ്യപിച്ചുകൊണ്ടിരുന്ന പ്രതിയെ പിടികൂടി പയ്യന്നൂര്‍ പോലീസിനു കൈമാറുകയായിരുന്നു.