പെരിങ്ങോം: ഇന്ഡിക്കേറ്ററിട്ടതിന് വിപരീതമായി ബൈക്കോടിച്ച് അപകടമുണ്ടാക്കിയശേഷം റോഡില്‍ തെറിച്ചുവീണയാളെ ഹെല്‍മറ്റുകൊണ്ട് അടിച്ചുപരിക്കേല്പ്പിച്ചതായുള്ള പരാതിയില്‍ കേസ്. വെള്ളോറ കോയിപ്രയിലെ കെ.പി. മുര്‍ഷിദിന്റെ പരാതിയിലാണ് അപകടമുണ്ടാക്കിയ രാരിച്ചന്‍ എന്നയാള്‍ക്കെതിരെ പെരിങ്ങോം പോലീസ് കേസെടുത്തത്.
ഇന്നലെ വൈകുന്നേരം 5.30 ഓടെ കുറ്റൂര്‍ വെള്ളരിയാനത്തായിരുന്നു സംഭവം. വലതുഭാഗത്തേക്കു പോകുന്നതിനുള്ള ഇന്‍ഡിക്കേറ്റര്‍ ഇട്ടതുകണ്ട് ഇടതുഭാഗത്തുകൂടി പരാതിക്കാരന് പോകാന്‍ ശ്രമിക്കുന്നതിനിടയിലാണ് പ്രതി ഓടിച്ചിരുന്ന ബൈക്ക് ഇടതുഭാഗത്തേക്ക് വെട്ടിച്ചതിനെ തുടര്‍ന്ന് അപകടമുണ്ടായത്.
ഇടിയുടെ ആഘാതത്തില്‍ റോഡിലേക്കു തെറിച്ചുവീണ പരാതിക്കാരനെ ചീത്ത വിളിച്ച് ഹെല്‍മറ്റുകൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചതായും പരാതിക്കാരന്റെ ഫോണ്‍ എറിഞ്ഞുപൊട്ടിച്ചതില് പതിനായിരം രൂപയുടെ നഷ്ടമുണ്ടായെന്നുമുള്ള പരാതിയിലാണു കേസെടുത്തത്.