തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ഒന്നരവർഷം മാത്രം ശേഷിക്കെ നാളെ പുറത്തുവരുന്ന വയനാട്, ചേലക്കര, പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ മുന്നണികൾക്ക് അതിനിർണായകം. നിലവിൽ തെരഞ്ഞെടുപ്പ് ഫലം സർക്കാരിനെ ബാധിക്കില്ലെങ്കിലും വോട്ടർമാരുടെ മനസിലിരിപ്പ് പൊതുവിൽ വ്യക്തമാക്കുന്നതാകും ഫലം.
ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കേ പ്രതീക്ഷയിലും ആശങ്കയിലുമാണ് മുന്നണികൾ. വയനാട് ലോക്സഭ മണ്ഡലം, പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. നിലവിൽ വയനാടും പാലക്കാടും യുഡിഎഫിന്റെയും ചേലക്കര എൽഡിഎഫിന്റെയും സിറ്റിംഗ് സീറ്റാണ്. രണ്ട് മുന്നണികളും ഇത് നിലനിർത്തിയാൽ ഇരുകൂട്ടർക്കും ആശ്വാസമാകും. യുഡിഎഫിന് മേൽക്കൈ ഉണ്ടായാൽ അത് ഭരണകക്ഷിയായ ഇടതുപക്ഷത്തിന് വലിയ ക്ഷീണമാകു.
ചേലക്കര നിലനിർത്തുമെന്ന ഉറപ്പിലാണ് എൽഡിഎഫ്. പാലക്കാടാണ് വീറും വാശിയും ഏറിയ മത്സരം നടന്നത്. പാലക്കാട് കോൺഗ്രസിനും ചേലക്കര സി പി എമ്മിനും ആണ് അഭിമാന പോരാട്ടമായി മാറിയിരിക്കുന്നത്. പാലക്കാട് കോൺഗ്രസ് സ്ഥാനാർഥി പരാജയപ്പെട്ടാൽ പ്രതിപക്ഷ നേതാവ് വി. ഡി. സതീശനും ഷാഫി പറമ്പിലിനും പാർട്ടിയിൽനിന്നു കടുത്ത വിമർശനമേൽക്കേണ്ടി വരും.
സന്ദീപ് വാര്യരെ കോൺഗ്രസിൽ എത്തിച്ചത് തിരിച്ചടി ആയെന്ന് പ്രാദേശിക കോൺഗ്രസ് നേതാക്കളും അണികളും മുറുമുറുപ്പ് തുടങ്ങിയിട്ടുണ്ട്. കോൺഗ്രസിൽനിന്നു സരിൻ എൽഡി എഫിലേക്ക് പോയതിന്റെ ഉത്തരവാദിത്വവും പ്രതിപക്ഷ നേതാവിന് നേരെ ഉയരും. വയനാട് ലോക്സഭ മണ്ഡലത്തിൽ പ്രിയങ്കയുടെ ഭൂരിപക്ഷം കുറഞ്ഞാലും സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് ക്ഷീണമാണ്.
ചേലക്കരയിൽ സി പി എമ്മിന് സീറ്റ് നിലനിർത്താൻ ആയില്ലെങ്കിൽ ഭരണ വിരുദ്ധ വികാരം പ്രതിപക്ഷം ആയുധമാക്കും. സർക്കാരിനുനേരേയും എൽഡിഎഫ് നേതാക്കൾക്കുനേരേയും അണികൾ വിമർശനം ഉന്നയിക്കും.പാലക്കാട് മൂന്നു മുന്നണികളും വിജയപ്രതീക്ഷ പുലർത്തുന്നുണ്ടെങ്കിലും ആശങ്കയും അവരെ ബാധിക്കുന്നുണ്ട്.
അയ്യായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൻഡിഎ സ്ഥാനാർഥി കൃഷ്ണകുമാർ വിജയിക്കുമെന്ന് ബിജെപിയും 15,000 ൽ പരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ വിജയിക്കുമെന്ന് യു ഡി എഫും 10000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഇടത് സ്വതന്ത്രൻ സരിൻ വിജയിക്കുമെന്ന് എൽഡിഎഎഫും അവകാശവാദം ഉന്നയിക്കുന്നു.
പാലക്കാട് യുഡിഎഫിന് വിജയം ലഭിച്ചാൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഷാഫി പറമ്പിലിനും ഹൈക്കമാൻഡിന് മുന്നിൽ കൂടുതൽ സ്വാധീന ശക്തിയായി മാറാൻ അവസരം കിട്ടും. സരിൻ അട്ടിമറി വിജയം നേടിയാൽ സർക്കാരിനും എൽഡിഎഫിനും കൂടുതൽ കരുത്താകും.
ബിജെപി ക്ക് വിജയം ലഭിച്ചാൽ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും അഭിമാനിക്കാൻ വകയുണ്ടാകും. ബിജെപി വിട്ട് കോൺഗ്രീസിലേക്ക് കൂറ് മാറിയ സന്ദീപ് വാര്യരുടെ കൂറുമാറ്റം ബിജെപി യെ ഒരു വിധത്തിലും ബാധിച്ചില്ലെന്ന് ഊട്ടി ഉറപ്പിച്ചു പറയാൻ കൂടി വിജയം വഴിവയ്ക്കും.നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക. 10 മണിയോടെ വിജയികൾ ആരെന്നതിൽ വ്യക്തതയുണ്ടാകും.