ന്യൂഡൽഹി: കോൽക്കത്ത സ്വദേശിനിയായ മോഡൽ സന്നതി മിത്രയ്ക്ക് വിവാദം കൂടെപ്പിറപ്പാണ്. അൽപവസ്ത്രധാരിയായി ദുർഗാപൂജ നടക്കുന്ന പന്തൽ സന്ദർശിച്ചതിന്റെ വിവാദം കെട്ടടങ്ങും മുൻപേ ഇവർ അടുത്ത വിവാദത്തിന് തിരികൊളുത്തി.
രാജ്യതലസ്ഥാനത്തായിരുന്നു ഇത്തവണ സന്നതി മിത്രയുടെ പ്രകടനം. ഡൽഹിയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന യുദ്ധസ്മാരകമായ ഇന്ത്യ ഗേറ്റിനു മുന്നിൽനിന്ന് “ടൗവൽ ഡാൻസ്’ ചെയ്താണു പുതിയ വിവാദം പിടിച്ചുവാങ്ങിയത്.
അന്താരാഷ്ട്ര പുരുഷദിനത്തിൽ (നവംബർ 19) “ഹാപ്പി ഇന്റർനാഷണൽ മെൻസ് ഡേ’ എന്ന അടിക്കുറിപ്പോടെയാണ് സന്നതി ഡാൻസ് വീഡിയോ പങ്കുവച്ചത്. ഇന്ത്യൻ വെള്ളിത്തിരയിലെ ഇതിഹാസ ഹിറ്റുകളിലൊന്നായ “ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ’ എന്ന സിനിമയിലെ “മേരേ ഖ്വാബോം മേ’ എന്ന ഗാനത്തിനാണ് സന്നതി ചുവടുവച്ചത്. സിനിമയിൽ ടൗവൽ മാത്രം ധരിച്ചെത്തുന്ന കജോളിനെ അനുകരിച്ചായിരുന്നു നൃത്തം. ഗ്ലാമർ നൃത്തച്ചുവടുകളും ശരീരപ്രദർശനവും ആരാധകർ ഏറ്റെടുത്തെങ്കിലും സംഭവം സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധം ഏറ്റുവാങ്ങി.
നാടിനുവേണ്ടി ജീവൻ ത്യജിച്ച വീരജവാന്മാരുടെ ഓർമകൾ ഇരന്പുന്ന യുദ്ധസ്മാരകത്തിനു മുന്നിലെ ഗ്ലാമർ ഡാൻസ് ഇന്ത്യൻ ജനതയുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന വിമർശനമാണു പ്രധാനമായി ഉയർന്നത്. ഈ പേക്കൂത്ത് നടത്താൻ അനുവദിച്ച ഡൽഹി പോലീസിനെതിരെയും വൻ വിമർശനമുയർന്നു. ഇതല്ല, “ഫെമിനിസം’ എന്നും സന്നതിക്കെതിരേ നടപടി എടുക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
ഒന്നാം ലോകമഹായുദ്ധത്തിലും അഫ്ഗാൻ യുദ്ധത്തിലും മരിച്ച ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിലെ സൈനികരുടെ ഓർമ നിലനിർത്തുന്നതിന് 1931 ൽ നിർമിക്കപ്പെട്ടതാണ് ഇന്ത്യാ ഗേറ്റ്. ഇന്ത്യൻ സേനയുടെ “അമർ ജവാൻ ജ്യോതി’ യുദ്ധസ്മാരകവും ഇവിടെ സ്ഥിതിചെയ്യുന്നു.