പാലക്കാട്: വോട്ടെണ്ണൽ തുടങ്ങിയപ്പോൾ മികച്ച ഓപ്പണിംഗ് ആണ് പാലക്കാട് ബിജെപിക്കു ലഭിച്ചത്. എന്നാൽ മുന്നേറ്റം കാണിച്ച അതേ വേഗത്തിൽ ബിജെപിയുടെ പിൻവാങ്ങലാണ് പിന്നെ കണ്ടത്. ഇടയ്ക്ക് പിന്നെയും മുന്നിൽ വന്നെങ്കിലും പിന്നോട്ടുതന്നെ പോയി.
രാഷ്ട്രീയകേരളം ഉറ്റുനോക്കിയ പാലക്കാട് നിയമസഭ മണ്ഡലത്തിലെ ഗ്ലാമർ പോരാട്ടത്തിനൊടുവിൽ കോൺഗ്രസിന്റെ യുവനേതാവ് രാഹുൽ മാങ്കൂട്ടത്തിൽ 18669 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
വോട്ടെണ്ണൽ തുടങ്ങിയ ആദ്യമണിക്കൂറുകളിൽ ബിജെപിയുടെ സി. കൃഷ്ണകുമാർ മൂന്നക്കം കടന്ന ഭൂരിപക്ഷവുമായി പാലക്കാട് കാവിക്കൊടി വീശിയെങ്കിലും ബിജെപിക്ക് മേൽക്കോയ്മയുള്ള ബൂത്തുകളാണ് അപ്പോൾ എണ്ണിയിരുന്നത്. മറ്റു ബൂത്തുകളിലേക്കു നീങ്ങിയതോടെ ലീഡ് കുറഞ്ഞ് ബിജെപി പിന്നിലേക്ക് മാറിത്തുടങ്ങി.
കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലേക്ക് ചേക്കേറി ഇടത് സ്വതന്ത്രനായി മത്സരിച്ച ഡോ. പി. സരിന്റെ മുന്നേറ്റക്കാഴ്ച ഒരു ഘട്ടത്തിലും കണ്ടതേയില്ല. മൂന്നാം റൗണ്ടിലാണ് രാഹുൽ തന്റെ വ്യക്തമായ മുന്നേറ്റം നടത്തിയത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സകലഘട്ടങ്ങളിലും ട്വിസ്റ്റുകളും അപ്രതീക്ഷിത നീക്കങ്ങളും നടന്ന പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പ് പ്രചാരണതഘട്ടത്തിൽ ആരു ജയിക്കുമെന്നതിൽ അവസാന നിമിഷം വരെ ആർക്കും പ്രവചിക്കാൻ കഴിഞ്ഞിരുന്നില്ല. ബിജെപി വിട്ട് സന്ദീപ് വാര്യർ കോണ്‍ഗ്രസിലേക്ക് പോയതാണ് ഈ ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് നടന്ന അവസാന ട്വിസ്റ്റ്.