തിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലെ ശക്തി കൂടിയ ന്യൂനമർദം ഇന്ന് തീവ്രമാകാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത നാലുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത.
സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ബുധനാഴ്ച ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും വ്യാഴാഴ്ച എറണാകുളം ജില്ലയിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കേരള തീരത്ത് നാളെ മുതൽ വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ കേരള തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.